ഈ ഓര്‍ഡര്‍ മനുഷ്യത്വരഹിതം; പെരുമഴയത്ത് ഭക്ഷണപൊതിയുമായി നടുറോഡില്‍ സൊമാറ്റോ ഡെലിവറി ഏജന്റ്
Monday, September 9, 2024 10:55 AM IST
ഇഷ്ടമുള്ള ആഹാരം ഓണ്‍ലൈന്‍ വഴി വരുത്താവുന്ന കാലമാണല്ലൊ. വലിയ നഗരങ്ങളില്‍ ഏത് നേരത്തും ഏതിടത്തും ആഹാരം വൈകാതെ എത്തും. അതിനുകാരണം ഓണ്‍ലൈന്‍ ഡെലവറി ഏജന്റുമാരാണ്.
ഇരുചക്രവാഹനത്തില്‍ കഴിയുന്നത്ര വേഗത്തില്‍ അവര്‍ ഉപഭോക്താക്കളെ തപ്പി ഇറങ്ങും. എന്നാല്‍ കഴിക്കുന്ന ഒരുവേളയിലും പലരും ഈ ആഹാരം എത്തിച്ചവന്റെ അധ്വാനത്തെ മതിക്കാറില്ല. കാശ് കൊടുത്തല്ലൊ എന്ന ചിന്തയാണ് പലര്‍ക്കും. അത്തരം ചിന്താഗതിയുള്ള ഒരാള്‍ ചെയ്ത ഒരു ക്രൂരതയാണ് കഴിഞ്ഞദിവസം നെറ്റസണ്‍സ് കണ്ടത്.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ കനത്ത മഴയില്‍ നടുറോഡില്‍ നിരവധി വാഹനങ്ങള്‍ക്കിടയില്‍ ആഹാരപ്പൊതിയുമായി നടക്കുന്ന ഒരു സൊമാറ്റോ ഡെലിവറി ഏജന്റിനെ കാണാം. മെഹ്റൗലി - ഗുര്‍ഗാവ് റോഡിലാണ് സംഭവം.
മഴ നിമിത്തം ഗതാഗാതക്കുരുക്ക് ഉണ്ടായി. ഈ സമയം ആരോ ഒരാള്‍ ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്തു. ഏറെ ക്ലേശകരമായി അവിടെ എത്തിയ ഏജന്റ് ആ മഴ മുഴുവന്‍ നനഞ്ഞ് ഇയാളെ തിരയുകയാണ്. ഒരു കൈയില്‍ ഭക്ഷണപ്പൊതിയും മറുകൈയില്‍ മൊബൈല്‍ ഫോണുമായി വാഹനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന അദ്ദേഹം നമ്മുടെ മനസിനെ വേദനിപ്പിക്കും.
ഉപഭോക്താവിനെ അദ്ദേഹം കണ്ടെത്തിയൊ എന്നത് ദൃശ്യങ്ങള്‍ പറയുന്നില്ല. കണ്ടെത്തിയിട്ടുണ്ടാകാം. എന്തായാലും ഇത്തരം പ്രവൃത്തികള്‍ മനുഷ്യത്വപരമല്ലെന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്.