കഷണ്ടി പ്രശ്നമായ യുവാവിന്റെ ബുദ്ധി വ്യത്യസ്തം; ഞെട്ടിച്ചെന്ന് നെറ്റിസണ്‍സ്
Monday, September 2, 2024 12:40 PM IST
മുടി കൊഴിച്ചിലും അകാല നരയും കഷണ്ടിയാകുന്നതും ഒക്കെ ഒരുപാടുപേരെ മാനസികമായി തളര്‍ത്തുന്ന ഒന്നാണല്ലാ. പലരും താത്കാലികമായ പല പരിഹാരങ്ങളും പരീക്ഷിക്കും. കാലം പുരോഗമിച്ചപ്പോള്‍ മുടിയുടെ പ്രശ്നം പരിഹരിക്കാന്‍ ഹയര്‍ ട്രാന്സ്പ്ലാന്റുകള്വരെ രംഗത്തെത്തി.
പലരും ഇത് ഉപയോഗിക്കാറുണ്ട് എന്നാല്‍ ഇതിലൊക്കെ വേറിട്ട ഒരു വഴി കണ്ടെത്തി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു യുവാവ്.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം കഷണ്ടിയായ ഒരു യുവാവ് ഈ പ്രശ്നം പരിഹരിക്കാന്‍ തലയില്‍ ടാറ്റൂ ചെയ്യുകയാണ്. അതെ മുടിയാണ് ഇദ്ദേഹം ടാറ്റൂ ചെയ്യുന്നത്. എസ്എംപി ഡോണ്‍ എന്നറിയപ്പെടുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് ആണിത് ചെയ്ത് കൊടുക്കുന്നത്.
മുടികൊഴിച്ചില്‍ കൈകാര്യം ചെയ്യുന്ന പുരുഷന്മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു നോണ്‍-മെഡിക്കല്‍ ചികിത്സയായ തലയോട്ടിയിലെ മൈക്രോ പിഗ്മെന്റേഷനില്‍ അദ്ദേഹം വിദഗ്ധനാണ്.
ഈ പ്രക്രിയയില്‍ തലയോട്ടിയില്‍ മഷിയുടെ ചെറിയ കണങ്ങള്‍ കുത്തിവയ്ക്കുന്നത് ഉള്‍പ്പെടുന്നു. ടെക്സ്ചറും ലേയേര്‍ഡ് പാറ്റേണും യഥാര്‍ഥ മുടിയോട് സാമ്യമുള്ളത് വരെ ഈ പ്രക്രിയ ആയിരക്കണക്കിന് തവണ ആവര്‍ത്തിക്കുന്നു.
ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഈ ടാറ്റൂവിന്റെ ഫലംകണ്ട ഉപയോക്താക്കള്‍ അമ്പരന്നു. നിരവധിപേര്‍ തങ്ങള്‍ക്കും ഇത് പരീക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടു. "മതിപ്പുളവാക്കുന്ന ഐഡിയ' എന്നാണൊരാള്‍ കുറിച്ചത്.