"മുതലാളി മുതല'; 15 അടിയോളമുള്ള ഭീമാകാരന്‍ വീട്ടിലെത്തിയപ്പോള്‍
Friday, August 30, 2024 12:15 PM IST
മുതല ആളുകളെ ഭയപ്പെടുത്തുന്ന ഒരു ജീവിയാണല്ലൊ. നദിയിലും മറ്റും ഇറങ്ങുമ്പോള്‍ പലര്‍ക്കുമുള്ള ഒരു പേടി മുതല പിടിക്കുമൊ എന്നതാണ്. എന്നാല്‍ ഗുജറാത്തിലെ വഡോദരയില്‍ ഒരു മുതല വീട്ടിലെത്തിയാണ് ആളുകളെ ഞെട്ടിച്ചത്.
വ്യാഴാഴ്ച രാവിലെ ഫത്തേഗഞ്ചിനടുത്തുള്ള കാമനാഥ് നഗറിലാണ് സംഭവം. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴയായിരുന്നു. കൂറ്റന്‍ വലിപ്പമുള്ള മുതലകള്‍ക്ക് പേരുകേട്ട വിശ്വാമിത്രി നദിക്ക് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
മഴയില്‍ വെള്ളം കയറുകയും നദി കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ മുതലകള്‍ നദിയുടെ സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് കയറി. അവിടുള്ള ഒരു വീട്ടുകാര്‍ രാവിലെ നോക്കുമ്പോള്‍ അതാ തങ്ങളുടെ മുറ്റത്ത് 15 അടിയോളം നീളമുള്ള ഒരു മുതല.
ആദ്യം നിലവിളിയും പിന്നെ വനംവകുപ്പിനെ വിളിയും നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയറും വടിയും ഉപയോഗിച്ച് കൂറ്റന്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഭാഗ്യവശാല്‍ ആ ശ്രമം വിജയിച്ചു. വനംവകുപ്പ്കാര് ഈ അതിഥിയെ 'അദ്ദേഹത്തിന്റെ" ആവാസ്ഥ വ്യവസ്ഥയിലേക്ക് തന്നെ എത്തിച്ചതായാണ് വിവരം.