കടുവക്കൂട്ടിലേക്കു ചാടിക്കയറി യുവതി, മുതലകൾക്കിടയിലൂടെ മറ്റൊരാൾ; വല്ലാത്ത ധൈര്യം കാട്ടൽ!
Friday, August 23, 2024 1:00 PM IST
സ്വതവേ അക്രമകാരികളായ വന്യമൃഗങ്ങളെ പേടിക്കുകതന്നെ വേണം. അവ ശാന്തരായി കാണപ്പെടുമെങ്കിലും പെട്ടെന്നായിരിക്കും ചാടിവീഴുക. മാംസഭോജികളാണെങ്കിൽ കൊന്നുതിന്നും. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും ചിലർ ആളാകാൻ വേണ്ടി വന്യമൃഗങ്ങളുടെ അടുത്തുചെന്ന് ഫോട്ടോയൊക്കെ എടുക്കും. ഇവരിൽ ഭാഗ്യമുള്ളവർ രക്ഷപ്പെടും. അല്ലാത്തവർ അവയുടെ അന്നത്തെ ഇരയാകും!
യാതൊരു കൂസലുമില്ലാതെ കടുവക്കൂട്ടില്‍ കയറിയ ഒരു യുവതിയുടെയും മുതലകൾക്കിടയിലൂടെ നടക്കുന്ന ഒരാളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. "ഇത് ധൈര്യമല്ല, ഭ്രാന്താണ്...', "ജീവിതം മടുത്തിട്ടാകും...' എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ന്യൂജേഴ്സിയിലെ കൊഹൻസിക് മൃഗശാലയിൽ ബംഗാൾ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്കാണ് ഒരു യുവതി ഇരുമ്പുവേലി ചാടിക്കടന്ന് എത്തിയത്. യുവതിയെ കണ്ടതും കടുവ ആക്രമിക്കാനൊരുങ്ങുന്നത് വീഡിയോയിൽ കാണാം. യുവതിയാകട്ടെ കടുവയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു.
എന്തായാലും കടുവ പിടിക്കും മുൻപ് യുവതി ഇരുമ്പുവേലി തിരികെ ചാടിക്കടന്നു. മൃഗശാലയുടെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടറായ സ്റ്റീവ് കീലി എക്സില്‍ പങ്കുവച്ചു. യുവതിയെ പോലീസ് അനേഷ്വിക്കുകയാണെന്നും ഇതിനൊപ്പം അദ്ദേഹം കുറിച്ചു.
നിലത്ത് വിശ്രമിക്കുന്ന നല്ല വലിപ്പമുള്ള ഒരു കൂട്ടം മുതലകൾക്കിടയിലൂടെ ഒരാൾ വളരെ സാവധാനം നടന്നു നീങ്ങുന്നതാണു രണ്ടാമത്തെ വീഡിയോ. ചില മുതകള്ക്കിടയില് ഒരു കാല് വയ്ക്കാന്‍ മാത്രമുള്ള സ്ഥലമേ ഉണ്ടായിരുന്നൊള്ളൂ.
സൗത്ത് ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് ഹോളിഡേ പാർക്കിൽനിന്നുള്ളതാണു വീഡിയോ. മുതലകൾക്കിടയിലൂടെ നിർഭയം നടന്നയാൾ ചില്ലറക്കാരനല്ല. പ്രഫഷണൽ പെരുമ്പാമ്പ് വേട്ടക്കാരനും മുതല പരിശീലകനുമായ കെവ് പാവ് ആണു കക്ഷി.
ഈ വീഡിയോ കണ്ട് ചിലർ അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ചെങ്കിലും മറ്റുചിലർ ജീവഹാനി സംഭവിക്കാവുന്ന ശ്രമത്തെ കുറ്റപ്പെടുത്തുകയാണു ചെയ്തത്.