ഷൂ കള്ളനെ പേടിച്ച് ബംഗളൂരു നഗരം..!
Wednesday, August 21, 2024 12:38 PM IST
കള്ളനെ പേടിച്ച് ചെരിപ്പുകൾ വീടിനു പുറത്തുവയ്ക്കാൻ പറ്റാത്ത ഗതികേടിയായിരിക്കുകയാണു ബംഗളൂരു നഗരവാസികൾ. വീടിനു പുറത്ത് റാക്കുകളിൽ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള ഷൂകളാണു കള്ളൻ മോഷ്ടിക്കുന്നത്.
നിരവധിപ്പേരുടെ ഷൂകൾ അപ്രത്യക്ഷമായെങ്കിലും മോഷ്ടിക്കുന്നതാണെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഒടുവിൽ ഷൂ കള്ളൻ കാമറയിൽ കുടുങ്ങിയപ്പോഴാണു കവർച്ചയാണെന്നു വ്യക്തമായത്.
ഹൗസിംഗ് സൊസൈറ്റികളിൽനിന്നാണു പ്രധാനമായും ഷൂ മോഷ്ടിക്കുന്നത്. ഓരോ വീടിന്റെ മുന്നിലെത്തി അവിടെയുള്ള ചെരിപ്പുകൾക്കിടയിൽനിന്നു തനിക്ക് ഇഷ്ടപ്പെട്ട ഷൂ കള്ളൻ തെരഞ്ഞെടുക്കുന്നു. കാലിൽ ഇട്ട് പാകമാണോ എന്നു നോക്കി സമയമെടുത്താണ് മോഷണം.
ഷൂ മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
മുഖംമൂടി ധരിച്ച് കള്ളൻ ഇടനാഴിയിലൂടെ അലസമായി നടന്നുനീങ്ങുന്നതും റാക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചെരിപ്പുകളിൽ ഇഷ്ടപ്പെട്ട ഷൂ തെരഞ്ഞെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നു ഷൂ ചാക്കിലാക്കി സാവാധാനം നടന്നു മറയുന്നു. ഇടയ്ക്ക് ഇയാൾ കാമറയിലേക്കു നോക്കുന്നുമുണ്ട്. 1.1 ദശലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. കള്ളനെ പിടികൂടിയതായി റിപ്പോർട്ടുകളിലില്ല.
വീഡിയോ പുറത്തുവന്നതോടെ ആശങ്ക പ്രകടിപ്പിച്ച് ഒരുപാടുപേർ രംഗത്തെത്തി. ഈ കള്ളന് ഇത്ര എളുപ്പത്തിൽ എങ്ങനെ അകത്ത് കയറാനും കവർച്ച നടത്തിയശേഷം ടെൻഷനില്ലാതെ പുറത്തിറങ്ങാനും കഴിയുന്നുവെന്നായിരുന്നു ഒരാളുടെ ചോദ്യം.