അഭ്യാസം "അതിരുകടന്നു'; ബൈക്ക് പാലത്തിൽനിന്ന് തള്ളിയിട്ട് നാട്ടുകാർ
Wednesday, August 21, 2024 12:28 PM IST
സമൂഹമാധ്യമങ്ങളിൽ താരമാകാൻ എന്തു കാണിക്കാനും മടിയില്ലാത്തവരാണ് പുതുതലമുറക്കാർ. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ഡിജിറ്റൽ കണ്ടന്റിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്നവരും എട്ടിന്റെ പണി കിട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ബംഗളൂരു നഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി ആളാകാൻ നോക്കിയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തതാണു സോഷ്യൽ മീഡിയയിൽ പുതിയ വൈറൽ.
തിരക്കേറിയ തുംഗുരു ദേശീയപാതയിലെ മേല്‍പ്പാലത്തിലാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തത്. റോഡ് ബ്ലോക്ക് ആയതോടെ നാട്ടുകാർ ഇടപെട്ട് ബൈക്ക് അഭ്യാസം നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, യുവാക്കൾ പിൻമാറിയില്ല.
അതോടെ വാക്കേറ്റമായി. പ്രകോപിതരായ നാട്ടുകാർ ബൈക്ക് പിടിച്ചെടുത്ത് പാലത്തിൽനിന്നു താഴേക്കു തള്ളിയിട്ടു. തടി കേടാകുമെന്ന ഘട്ടമെത്തിയപ്പോൾ യുവാക്കൾ കേടായ ബൈക്കും തള്ളി സ്ഥലംവിട്ടു.
യാത്രക്കാരുടെ ജീവനു ഭീഷണിയുയർത്തിയാണ് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് നടത്തിയതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.