തെരുവിനു നടുവിൽ ഒരു മുതല;പരാക്രമം കണ്ടാൽ പാവം തോന്നും!
Tuesday, August 13, 2024 12:32 PM IST
പേടിപ്പെടുത്തുന്ന വന്യജീവിയാണു മുതല. എന്നാൽ, ജനത്തിരക്കേറിയ തെരുവിനു നടുവിൽ ഒരു മുതല വന്നുപെട്ടാൽ എന്തായിരിക്കും സ്ഥിതി? അതിന്റെ അധോഗതി എന്നല്ലാതെ എന്തു പറയാൻ!
ഉത്തർപ്രദേശിൽ ബിജ്നോറിലെ നംഗൽസോട്ടി ഗ്രാമത്തിലെ ഒരു തെരുവിൽ വന്നുപ്പെട്ട മുതല പ്രാണരക്ഷാർഥം നടത്തുന്ന പരാക്രമങ്ങൾ കണ്ടാൽ പാവം തോന്നും!
സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു തെരുവുനായ കൂറ്റൻ മുതലയുടെ പിന്നാലെ ഓടുന്നതു കാണാം. ഇതിന് പിന്നാലെ ഒരാള്‍ മുതലയുടെ വാലില്‍ ചവിട്ടുന്നു. ഭയന്നുപോയ മുതല സര്‍വശക്തിയുമെടുത്ത് തെരുവിലെ വീടുകള്‍ക്കു മുന്നിലൂടെ പരക്കംപായുന്നു.
പിന്നാലെ നായ്ക്കളും ജനക്കൂട്ടവും. ഒടുവില്‍ ഒരു കെട്ടിടത്തിന്റെ പുറകുവശത്തേക്കു മുതല ഓടിമറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിന്നീട് മുതലയെ പിടികൂടി അവിടെനിന്നു മാറ്റി. ഇതിന്റെ വീഡിയോ പത്ത് ലക്ഷത്തോളം ആളുകളാണ് കണ്ടത്.
അതേസമയം, മുതലയെ ചവിട്ടിയയാളെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. "യഥാർഥ വന്യമൃഗങ്ങൾ മുതലയെ ചവിട്ടുന്നവരാണ്' എന്നായിരുന്നു ഒരാളുടെ കുറിപ്പ്.