"സ്റ്റാറ്റസ് നോക്കിയല്ല വെള്ളം ആളെ കൊണ്ടുപോകുന്നത്'; ഥാറിലെ ഒരു പാഠം
Wednesday, October 4, 2023 11:42 AM IST
ഈ ലോകത്തിന്റെ നാനാകോണിലും വര്ഷാവര്ഷങ്ങളില് നിരവധിപേരാണ് വെള്ളത്തില്‍ മുങ്ങിയും മഴ അപകടങ്ങളിലും ഒക്കെ മരിക്കുന്നത്. വെള്ളത്തിന്റെ വന്യതയെ കുറിച്ച് എത്രതന്നെ പറഞ്ഞുകൊടുത്താലും പലരും അത് ചെവിക്കൊള്ളില്ല. തത്ഫലമായി പലരും മരണപ്പെടുന്നത് നാം കാണേണ്ടിയും വരുന്നു.
ഇപ്പോഴിതാ വെള്ളപ്പൊക്കത്തില്‍ ചില യുവാക്കള്‍ കാണിച്ച സാഹസികതയും അതിന്റെ ബാക്കിപത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ നിന്നുള്ള കാഴ്ചയാണ് എക്സില്‍ എത്തിയിരിക്കുന്നത്. രാംഗംഗ നദി മുറിച്ചുകടക്കാന്‍ ഥാര്‍ ജീപ്പില്‍ എത്തിയതായിരുന്നു ഈ മൂന്ന് യുവാക്കള്‍. അടുത്തിടെ പെയ്ത മഴയ്ക്ക് ശേഷം പതിവിലും ഒഴുക്കുള്ള നദിയിലേക്ക് മൂന്ന് പേര് തങ്ങളുടെ മഹീന്ദ്ര ഥാര്‍ ഓടിച്ചിറക്കുകയായിിരുന്നത്രെ.
എന്തായാലും സംഭവം പാളി. മൂന്നുപേരും നദിക്ക് നടുവില്‍ കുടുങ്ങി. ഒടുവില്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് മൂവരേയും കരയ്ക്ക് എത്തിച്ചത്.
ദൃശ്യങ്ങളില്‍ യുവാക്കളില്‍ ഒരാളെ ജാക്കറ്റ് ധരിപ്പിച്ച് വാഹനത്തിന് മുകളില്‍ നിന്നും നദിയിലേക്ക് ഇറക്കുന്നതായി കാണാം. നദിയില്‍ ഇറങ്ങിയ യുവാവ് ഒഴുകിപ്പോയി എങ്കിലും കയര്കെട്ടിയതിനാല് അപകടമൊന്നും സംഭവിക്കുന്നില്ല.
മൂവരും സുരക്ഷിതരായി മറുകര എത്തി എന്നാണ് വിവരം. നിരവധിപേര്‍ സംഭവത്തില്‍ കമന്റുകളുമായി എത്തി. "എല്ലാ സാഹസികതയും ബുദ്ധിപരമല്ല. ആയുസിന്റെ ബലം അതിനാല്‍ രക്ഷപ്പെട്ടു' എന്നാണൊരാള്‍ കുറിച്ചത്.