"ഔഡി എ4-ല്‍ എത്തി ചീര വില്ക്കാന് കഴിയുമോ സക്കീര്‍ ഭായിക്ക്'; വൈറല്‍ വീഡിയോ
Saturday, September 30, 2023 1:02 PM IST
ഏകദേശം 44 ലക്ഷത്തില്‍ പരം വിലയുള്ള ഒരു ആഡംബര കാറാണ് ഔഡി എ4. വഴിയിലൂടെ ഇത്തരം കാറുകള്‍ പാഞ്ഞുപോകുമ്പോള്‍ മിക്കവരും ഒന്ന് നോക്കും. നമ്മുടെയൊക്കെ മനസില്‍ ഏതോ വലിയ കമ്പനി ഉടമ ബഹുനില കെട്ടിടങ്ങളിലേക്ക് പാഞ്ഞുപോകുന്നു എന്ന ചിന്ത കടന്നുവരും.
എന്നാല്‍ എല്ലാ ഔഡിയും ഓടുന്നത് അവിടേയ്ക്ക് അല്ലെന്ന് കാട്ടുകയാണ് സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ സുജിത്ത് എന്ന യുവാവിനെയാണ് കാണാന്‍ കഴിയുക.
ഇദ്ദേഹം വഴിയരികില്‍ ചീര വില്‍ക്കാനായിട്ടാണ് ഈ കാറില്‍ എത്തുന്നത്. ദൃശ്യങ്ങളില്‍ ഇദ്ദേഹം കൃഷിയിടത്തില്‍നിന്നും ചീര ശേഖരിക്കുന്നത് കാണാം. പിന്നീട് തന്റെ ഔഡി കാറില്‍ സഞ്ചരിക്കുകയാണ്.
മറ്റൊരു ഓട്ടോയില്‍ ചീരയും വരുന്നുണ്ട്. സൗകര്യപ്രദമായ ഒരിടത്ത് എത്തിയ ഇദ്ദേഹം തന്റെ വെള്ളമുണ്ട് ഉരിഞ്ഞുകാറില്വയ്ക്കുന്നു. പിന്നീട് ഒരുപായ വിരിച്ചശേഷം ചീരയും നിരത്തുന്നു.
പിന്നെ അവിടെ നടക്കുന്നത് അടിപൊളി കച്ചവടമാണ്. നിരവധിയാളുകള്‍ ചീരവാങ്ങുന്നുണ്ട്. ദൃശ്യങ്ങള്‍ക്ക് കൊഴുപ്പേകാന്‍ യോദ്ധ സിനിമയിലെ "പടകാളി' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനവുമുണ്ട്.
സാധാനങ്ങള്‍ എല്ലാം വിറ്റുകഴിഞ്ഞശേഷം ഉടുമുണ്ടുമായി സുജിത്ത് മടങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. "കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാനിലപാടിനും ഒപ്പം' എന്നാണൊരാള്‍ കുറിച്ചത്.