ഇസ്താംബൂള്‍ സബ്വേ സ്റ്റേഷനിലെ പൂച്ചകള്‍; ഒരു സ്നേഹക്കാഴ്ച
Thursday, September 28, 2023 1:00 PM IST
പൂച്ചകള്‍ മനുഷ്യര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജീവിയാണല്ലൊ. അവയുടെ ഓമനത്തമുള്ള മുഖവും ശബ്ദവും ആരും ഇഷ്ടപ്പെടും. പൊതുവേ വീടുകളിലും മറ്റും കാണപ്പെടുന്ന ഇവയുടെ കുസൃതികള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ധാരാളം കാണാന്‍ കഴിയും.
അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ പറയുന്നത് അല്പം വ്യത്യസ്തമായ കാര്യമാണ്. ഈ ദൃശ്യങ്ങളിലുള്ളത് തുര്‍ക്കി എന്ന രാജ്യത്തെ പൂച്ചകളെ കുറിച്ചാണ്.
ദൃശ്യങ്ങളില്‍ രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിലെ ഒരു സബ്വേ സ്റ്റേഷന് പരിസരമാണുള്ളത്. ഇവിടെ ആയി പൂച്ചകളെ കാണാന്‍ കഴിയും. സബ്വേ അവരുടെ കളിസ്ഥലമാക്കി മാറ്റിയിരിക്കുകയാണ് പൂച്ചകൾ.
ഇവയിൽ പ്രധാനിയായ ഒരു പൂച്ച പ്രവേശന കവാടത്തിൽ ഇരിക്കുന്നതും എസ്കലേറ്ററുകളില്‍ യാത്രക്കാരെ അനുഗമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ പൂച്ച എന്നും കൃത്യമായി എത്തുകയും പ്രവേശന കവാടത്തിൽ ഇരിപ്പുറപ്പിക്കുകയും ചെയ്യും. പിന്നീട് മറ്റ് പൂച്ചകളും സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
പൂച്ചയുടെ സാമിപ്യം യാത്രക്കാര്‍ക്ക് ആനന്ദവും ഉന്മേഷവും സമ്മാനിക്കുന്നു. പലരും പൂച്ചകളെ ഓമനിക്കുകയും അവയോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. ആദ്യത്തെ പൂച്ച ഇവര്‍ക്കൊപ്പം സഞ്ചരിക്കുന്നതായും കാണാം.
യാത്രക്കാരിലൊരാള്‍ അവയില്‍ ഈ പൂച്ചയെ തിരിച്ചറിയുന്നുണ്ട്. ആ പൂച്ചയുടെ പേര് സുരയ്യ എന്നാണെന്ന് ആ യാത്രക്കാരി പറയുന്നു. ഏതായാലും ഈ പൂച്ചദൃശ്യം നെറ്റിസണും നന്നേ ബോധിച്ചു.
നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "ഞങ്ങള്‍ പൂച്ചകളെയും നായ്ക്കളെയും ശരിക്കും സ്നേഹിക്കുന്നു. തുര്‍ക്കിയിലെ എല്ലാ നഗരങ്ങളിലും ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. എപ്പോഴും പരിപാലിക്കുന്നു, ഭക്ഷണം നല്കുന്നു, സ്നേഹിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.