വർഷങ്ങൾ വീല്‍ചെയറില്‍ ആയിരുന്ന യുവതി വിവാഹദിവസം വരന് അരികിലേക്ക് നടന്നുനീങ്ങുന്ന കാഴ്ച; വീഡിയോ
Wednesday, September 20, 2023 4:33 PM IST
വിവാഹദിനം എന്നത് മിക്കവര്‍ക്കും പ്രാധാന്യമുള്ള ഒന്നാണല്ലൊ. പലരും അത് അവിസ്മരണീയമാക്കാന്‍ പല കാര്യങ്ങളും ഒരുക്കാറുണ്ട്. എന്നാല്‍ ചെല്‍സി ഹില്‍ എന്ന യുവതിയുടെ വിവാഹ ദിനം ഒരിക്കലും അവിടെക്കൂടിയ ആര്‍ക്കുംതന്നെ മറക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്.
അതിനുകാരണം ഏറെ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്കായിരുന്നു അവര്‍ സാക്ഷ്യം വഹിച്ചത്. 29വയസുകാരിയായ ചെല്‍സി കഴിഞ്ഞ 11വര്‍ഷമായി വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ആളാണ്. സമൂഹ മാധ്യമങ്ങളില്‍ എത്തിയ വീഡിയോയില്‍ വധുവായ ചെല്‍സി ഹില്‍ ഒരു വീല്‍ചെയറില്‍ ഇരിക്കുന്നതായി കാണാം.
വരനായ ജെയ് ബ്ലൂംഫീല്‍ഡ് കുറച്ചകലെയായി കാത്തു നില്‍ക്കുയാണ്. നിരവധിയാളുകള്‍ വിവാഹത്തില്‍ പങ്കെടുത്തുനില്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് യുവതി വീല്‍ചെയറില്‍നിന്നും ആയാസപ്പെട്ട് എഴുന്നേല്ക്കുകയാണ്. ലെഗ് ബ്രേസുകളും വാക്കറും ഉപയോഗിച്ചാണ് ചെല്‍സി എഴുന്നേല്‍ക്കുന്നത്. പിന്നീട് ഹില്‍ തന്റെ പിതാവിനൊപ്പം വേദിയിലേക്ക് നടന്നുവരികയാണ്.
തന്റെ വധുവായ ഹില്‍ ഇടനാഴിയിലൂടെ നടന്നുവരുന്ന ആ കാഴ്ച ജെയ് ഞെട്ടലോടെ ആണ് നോക്കികാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
വൈറലായി മാറിയ ഈ കാഴ്ചയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "സ്നേഹം ഏറ്റവും മികച്ച ഔഷധമാണ്' എന്നാണൊരാള്‍ കുറിച്ചത്.