മണലില്‍ കുടുങ്ങിയ മക്കോ സ്രാവിനെ ഒരുകൂട്ടം ആളുകള്‍ സാഹസികമായി രക്ഷിച്ചപ്പോള്‍; വീഡിയോ
Wednesday, September 20, 2023 12:37 PM IST
നമ്മുടെ ഈ പ്രപഞ്ചത്തില്‍ നിരവധി ജീവജാലങ്ങള്‍ ഉണ്ടല്ലൊ. പക്ഷികളും മൃഗങ്ങളും അവരുടെ കൂടിയായ ഈ ഭൂമിയില്‍ വിഹരിക്കുന്നു. എന്നാല്‍ പലപ്പോഴും മനുഷ്യര്‍ മറ്റുള്ളവയെ ഉപദ്രവിക്കാറുണ്ട്.
പക്ഷേ എല്ലാ മനുഷ്യരും അങ്ങനെയല്ല. ചിലര്‍ മറ്റുള്ളവയേയും കരുതും. അത്തരത്തിലുള്ള ഒരു കൂട്ടം ആളുകളുടെ കാര്യമാണ് പറയാന്‍ പോകുന്നത്. ഇവര്‍ അങ്ങ് അമേരിക്കയിലെ ഫ്ളോറിഡയിലെ പെന്‍സകോള ബീച്ചില്‍ എത്തിയവര്‍ ആയിരുന്നു.
ടീന ഫെയ് എന്ന യുവതി തന്റെ ഭര്‍ത്താവിനൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇവിടെ എത്തിയതായിരുന്നു. ദമ്പതികളുടെ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. അവരിങ്ങനെ ആര്ത്തുല്ലസിക്കുന്നതിനിടെയാണ് ആ കാഴ്ച കണ്ടത്.
ഒരു മാക്കോ സ്രാവ് കടല്‍തീരത്തെ മണലില്‍ കുടുങ്ങിക്കിടക്കുന്നു. ഏറെ അപകടകാരികളാണ് ഈ സ്രാവുകള്‍. വളരെ മൂര്‍ച്ചയേറിയ പല്ലുകളാണ് ഇവയ്ക്കുള്ളത്. എന്നാല്‍ മക്കോ സ്രാവുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണുതാനും.
ഈ ജീവി ആയാസപ്പെടുന്നത് കണ്ട് ഇവര്‍ അതിനെ സഹായിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അത് വലിയ റിസ്കാണെന്ന് ചിലര്‍ അവരോട് പറയുന്നു. പക്ഷേ അതിനെ സഹായിക്കാന്‍തന്നെ അവര്‍ തീരുമാനിച്ചു.
അവര്‍ ആ സ്രാവിനെ മെല്ലെ ഉയര്‍ത്തി വെള്ളത്തില്‍ ആക്കാന്‍ നോക്കുകയാണ്. സ്രാവ് തിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ രക്ഷപ്പെട്ട് മാറുന്നു. പിന്നെയും തിരിച്ചെത്തി അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. വൈകാതെ അവര്‍ ഈ സ്രാവിനെ വിജയകരമായി വെള്ളത്തില്‍ എത്തിക്കുന്നു.
അല്പനേരം വെള്ളത്തില്‍ കിടന്നശേഷം ഈ മക്കോ പാഞ്ഞുപോവുന്നു. അത് പോകുമ്പോള്‍ ദമ്പതികളും സുഹൃത്തുക്കളും വലിയവിജയാരാവം മുഴക്കുകയാണ്. ദൃശ്യങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേര്‍ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തി.