ഒരു പഴയ പേപ്പർ. അതിൽ കമ്പ്യൂട്ടറിന്‍റെ ചില ഭാ​ഗങ്ങളെ പറ്റി എഴുതിയിട്ടുണ്ട്. ഈ കുറിപ്പ് 1.4 കോടി രൂപയ്ക്ക് വിറ്റുപോയെന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് സൈബർ ലോകം. അമ്പരപ്പിനൊപ്പം ഒരു കാര്യം കൂടി നെറ്റിസൺസിൽ പലരും ചോദിക്കുന്നുണ്ട്. കിട്ടിയ വില അൽപം കുറഞ്ഞു പോയോ എന്ന്.

ആപ്പിൾ 1ന്‍റെ പരസ്യത്തിനായി സ്റ്റീവ് ജോബ്സ് എഴുതിയ റഫ് ഡ്രാഫ്റ്റാണ് ലേലത്തിൽ വിറ്റു പോയത്. ഇതിൽ സ്റ്റീവ് ജോബ്സ് താമസിച്ചിരുന്ന വീടിന്‍റെ മേൽവിലാസവും അദ്ദേഹത്തിന്‍റെ ഒപ്പുമുണ്ട്.

ആർ ആർ ഓക്ഷൻ എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കളും കുറിപ്പിൽ എഴുതിയിരുന്ന വീട്ടിലായിരുന്നു താമസം. അവിടെ‌യാണ് ആപ്പിളിന്‍റെ പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചത്.


ലേലത്തിന് വച്ച കുറിപ്പിലെ വിവരങ്ങളുള്ള പരസ്യം 1976 ജൂലൈയിൽ ഇന്‍റർഫേസ് മാസികയിൽ വന്നുവെന്നും റിപ്പോർട്ടുകളിലുണ്ട്. ആപ്പിൾ 1 കമ്പ്യൂട്ടറിന്‍റെ രണ്ട് പോളറോയിഡ് ചിത്രങ്ങളും ആർ ആർ ഓക്ഷൻ ലേലത്തിൽ വച്ചിരുന്നു.

അടുത്തിടെ പഴയ ആപ്പിൾ കമ്പ്യൂട്ടറുകളും മറ്റ് ​ഗാഡ്ജറ്റുകളും ലേലത്തിൽ വൻ വിലയ്ക്ക് വിറ്റു പോകുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. സ്റ്റീവ് ജോബ്സ് എഴുതിയ കുറിപ്പിന്‍റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.