ഭാഗ്യദേവത മറഞ്ഞിരുന്നത് ഉറ്റവരുടെ "ജന്മദിനത്തിൽ'; 3.2 കോടിയുടെ ജാക്ക്പോട്ട് നേടി ഗൃഹനാഥൻ
വെബ് ഡെസ്ക്
Thursday, August 17, 2023 2:33 PM IST
കുടുംബത്തിലെ ഒരാളെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭാഗ്യം തുണച്ച അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. അതിന് വലുതെന്നോ ചെറുതെന്നോ വേർതിരിവില്ല. ഒരു നൂറു രൂപ ലോട്ടറിയടിച്ചാൽ പോലും അതുണ്ടാക്കുന്ന സന്തോഷം ചെറുതല്ല. അപ്പോൾ കുടുംബത്തിലെ എല്ലാവരുടെ ഭാഗ്യം കൊണ്ട് ജാക്ക്പോട്ടടിക്കുക എന്ന് കേട്ടാലോ ?
സംശയിക്കണ്ട സത്യമാണ്.
യുഎസിലുള്ള പോൾ കൗഡിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമാണ് ഈ അപൂർവ ഭാഗ്യം കൈവന്നത്. അതുവഴി ലഭിച്ചതാകട്ടെ 3.2 കോടി രൂപയും!. കുടുംബാംഗങ്ങളുടെ ജൻമദിന അക്കങ്ങൾ ക്രമമായി ചേർക്കുമ്പോൾ വരുന്ന സംഖ്യ ലോട്ടറി തിരഞ്ഞെടുപ്പിനായി വർഷങ്ങളോളം ഉപയോഗിക്കുകയായിരുന്നു പോൾ.
കഴിഞ്ഞ ഏഴ് വർഷമായി ഈ സംഖ്യ ഉപയോഗിച്ച് ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഏതാനും ദിവസം മുൻപ് പതിവ് പോലെ ജാക്ക്പോട്ട് എടുക്കുകയും ഈ സംഖ്യയ്ക്ക് ഒന്നാം സമ്മാനം ലഭിക്കുകയുമായിരുന്നു.
ജീവിതാവസാനം വരെ പ്രതിവർഷം 25,000 യുഎസ് ഡോളർ അല്ലെങ്കിൽ 3.9 ലക്ഷം (ഏകദേശം 3.2 കോടി രൂപ) യുഎസ് ഡോളർ സമ്മാനമായി തിരഞ്ഞെടുക്കാൻ അവസരവും വന്നു. ആജീവനാന്തം പണം ലഭിക്കാനുള്ള സൗഭാഗ്യം കൈവന്നിട്ടും റെഡി ക്യാഷായി 3.9 ലക്ഷം യുഎസ് ഡോളർ മതിയെന്ന് പോൾ തീരുമാനിക്കുകയായിരുന്നു.
നികുതി കിഴിച്ച് 2,77,879 യുഎസ് ഡോളർ (ഏകദേശം 2.3 കോടി ഇന്ത്യൻ രൂപ) പോളിന് ലഭിക്കും. ലോട്ടറി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇത് "സിസ്റ്റം എറർ' ആകാമെന്നാണ് പോൾ ആദ്യം കരുതിയത്. പിന്നീട് ഒന്നുകൂടി ഒത്തുനോക്കിയപ്പോഴാണ് ഭാഗ്യദേവത തന്നെ കടാക്ഷിച്ചുവെന്ന് ഇദ്ദേഹം ഉറപ്പിച്ചത്.
കേർണ്സ് വില്ലെയിലെ വെസ്റ്റ് മൗണ്ടൻ സ്ട്രീറ്റിൽ നിന്നും പോൾ എടുത്ത ജാക്പോട്ട് ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് നോർത്ത് കരേലിനാ എജ്യുക്കേഷൻ ലോട്ടറി അധികൃതർ സഥിരീകരിച്ചു.
പുതിയ വീടിന്‍റെ ആവശ്യത്തിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോൾ എന്ന് റിപ്പോർട്ടുകളിലുണ്ട്. റിട്ടയർമെന്‍റ് കഴിഞ്ഞതോടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടം പ്ലാൻ ചെയ്യുകയായിരുന്നു താനെന്നും വിശ്രമജീവിതത്തിന് ഗുണകരമാകും വിധം സമ്മാനതുക നിക്ഷേപിക്കുമെന്നും പോൾ പറയുന്നു.