തന്റെ മൂന്നുകുഞ്ഞുങ്ങളെയും കൊന്ന ഒരമ്മ തേടുന്ന നീതി; വിധി കാത്ത് ലോകം
Friday, August 11, 2023 4:42 PM IST
അമ്മ; അത് വെറുമൊരു വാക്കല്ലെന്ന് എല്ലാവര്ക്കും അറിയാം. ഒട്ടുമിക്കവരുടെയും വളര്‍ച്ചയ്ക്കും നേട്ടത്തിനും പിന്നിലെ ഏറ്റവും വലിയ ശക്തിയാണത്. പ്രപഞ്ചത്തിലെ ഏതൊരു ജീവിയെ എടുത്താലും മാതൃത്വത്തിന്റെ മഹത്വം നമുക്കവിടെയൊക്കെ കാണാന്‍ കഴിയും.
ഏതൊരു കുഞ്ഞും ഏറ്റവും ഇഷ്ടപ്പെടുന്നതും അഭയമാക്കുന്നതും തന്റെ അമ്മയെ ആയിരിക്കും. എന്നാല്‍ ഒരമ്മ തന്റെ മക്കളെ മൂന്നുപേരെയും ശ്വാസംമുട്ടിച്ചു കൊന്നാലോ?. പോരാഞ്ഞ് ആ ശിക്ഷയില്‍ നിന്നും ഇളവ് തേടി കോടതിയില്‍ എത്തിയാലോ?
ആരുമൊന്നു ഞെട്ടുന്ന സംഭവമാണല്ലൊ ഇക്കാര്യം. അങ്ങ് ന്യൂസിലന്‍ഡിലാണ് ഈ കേസ് ഇപ്പോള്‍ നടക്കുന്നത്. 42 കാരിയായ ലോറന് ആന്‍ ഡിക്കസണ് ആണ് ഈ കേസിലെ പ്രതിയായ ആ അമ്മ.
ഇവര്‍ 2021 സെപ്റ്റംബറില്‍ ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ടിമാരുവിലുള്ള വീട്ടില്‍ വച്ച് തന്റെ രണ്ട് വയസുള്ള ഇരട്ടകളായ മായയെയും കാര്ലയെയും അവരുടെ ആറ് വയസുള്ള സഹോദരി ലിയാനെയും കൊലപ്പെടുത്തുകയായിരുന്നു.
ശ്വാസംമുട്ടിച്ചാണ് ഈ അമ്മ മൂന്നു മക്കളെയും കൊന്നത്. എന്നാല്‍ ഇവര്‍ ഈ ക്രൂര കൃത്യം ചെയ്യാനുള്ള കാരണം മനോരോഗമാണെന്നാണ് ആനിന്റെ വക്കീല്‍ പറയുന്നത്. അതിനാല്‍ ഡിക്കസണെ കേസില്‍ ശിക്ഷിക്കരുതെന്ന് വക്കീല്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹൈക്കോടതിയില്‍ വാദിച്ചിരിക്കുകയാണ്.
ലോറന് ഡിക്കസണ് വിഷാദാവസ്ഥയിലായിരുന്നില്ലെങ്കില് ഈ ഭയാനകമായ കാര്യം ഒരിക്കലും സംഭവിക്കില്ലായിരുന്നു. ചികിത്സിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
എന്നാല്‍ താന്‍ എന്താണ് ചെയ്യുന്നതെന്ന് ഡിക്കസണ് അറിയാമായിരുന്നുവെന്ന് എതിര്‍ഭാഗം പറയുന്നു. ഭ്രാന്ത് എന്ന പേരില്‍ ഇവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കരുതെന്ന് എതിര്‍ഭാഗം വാദിക്കുന്നു.
കൊലപാതകങ്ങള്‍ ക്രൂരവും ബോധപൂര്‍വവും ആയിരുന്നെങ്കിലും, തന്റെ അഭിപ്രായത്തില്‍ ഇവരെ കുറ്റവാളി ആക്കാനാകില്ലെന്ന് ഡിക്കസണുമായി അഭിമുഖങ്ങള്‍ നടത്തിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.മെറ്റൂയി കോടതിയെ അറിയിച്ചു.
പിതാവ് ഗ്രഹാം ഉള്‍പ്പെട്ട ഡിക്കസണ് കുടുംബം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിപ്പാര്‍ത്തതായിരുന്നു. ഈ കുടിയേറ്റംതന്നെ ലോറന് ആനില്‍ വിഷാദം ജനിപ്പിച്ചിരുന്നതായി ഡോക്ടര്‍ പറയുന്നു.
മാത്രമല്ല ഈ വിഷാദരോഗം ലോറന് ആനിന്റെ പ്രത്യുത്പാദന ശേഷിയെ ബാധിച്ചു. അവരുടെ ആദ്യത്തെ ഗര്‍ഭം 18-ആഴ്ചയില്‍ അലസിപ്പോയി. പിന്നീട് ഐവിഎഫ് വഴി ഗര്‍ഭധാരണത്തിനായി ഇവര്‍ ശ്രമിച്ചു. ഇതും ലോറന് ആനില്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്രെ.
കുടുംബത്തിലുണ്ടായ മറ്റ് പ്രശ്നങ്ങളും ഇവരുടെ മാനസിക നിലയെ ബാധിച്ചു. കൊലപാതക ദിവസം ഇളയ മകള്‍ കാര്‍ല ദേഷ്യപ്പെട്ടതാണത്രെ ആനിനെ പ്രകോപിപ്പിച്ചത്.
എന്തായാലും കൊലപാതകത്തിന്റെ സത്യാവസ്ഥ അറിഞ്ഞതോടെ നെറ്റിസണ് രണ്ട് തട്ടിലാണ്. അടുത്ത് തന്നെ ജസ്റ്റീസ് കാമറൂണ്‍ മണ്ടര്‍ ഈ കേസില്‍ വിധി പറഞ്ഞേക്കുമെന്നാണ് വിവരം. നീതിയുടെ വാക്ക് എന്തായിരിക്കുമെന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് ഇവരുടെ കഥ അറിയാവുന്നവരൊക്കെ...