6,50,000 സിഗരറ്റ് കുറ്റികള്‍ കൊണ്ട് നിര്‍മിച്ച ഒരു കുന്ന്
Tuesday, April 25, 2023 4:26 PM IST
സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്ന് നാം പലപ്പോഴും പലയിടങ്ങളില്‍ നിന്നായി കേള്‍ക്കാറുണ്ടല്ലൊ. ചിലരത് "രണ്ടു ചെവികള്‍' എന്ന ന്യായത്തില്‍ കേട്ടപോലെ കളയാറുണ്ട്. ചിന്തിക്കുന്നവര്‍ ചുരുക്കമാണ്.
എന്നാല്‍ പില്ക്കാലത്ത് ഇത്തരത്തിലുള്ള ദൂഷ്യങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമ്പോള്‍ ധാരാളമിരുന്നു ചിന്തിക്കാറുണ്ട്. അപ്പോഴേക്കും കാലം കഴിയുകയും ചെയ്യും. ഇപ്പോഴിതാ കുറച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ വേറിട്ട ശൈലിയില്‍ ഇക്കാര്യം ചൂണ്ടി കാട്ടുകയാണ്.
സാധാരണയായി "സിഗരറ്റ് കുറ്റികള്‍' എന്ന് വിളിക്കപ്പെടുന്ന സിഗരറ്റ് ഫില്‍ട്ടറുകള്‍ ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓരോ വര്‍ഷവും, കോടിക്കണക്കിന് സിഗരറ്റ് കുറ്റികള്‍ പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെടുന്നു, അവിടെ അവ വിഷ ലോഹങ്ങളും നിക്കോട്ടിനും അലിഞ്ഞുചേര്‍ന്ന് മൈക്രോപ്ലാസ്റ്റിക് മലിനീകരണമായി മാറും.
അടുത്തിടെ, പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒരാഴ്ച കൊണ്ട് 6,50,000 സിഗരറ്റ് അവശിഷ്ടങ്ങള്‍ ശേഖരിച്ച് ഒരു കുന്ന് പണിതു. ഈ പ്രത്യേക മലിനീകരണത്തിന്റെ ഗുരുതരമായ പ്രശ്നത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയയായിരുന്നിത്.
40 പ്ലാസ്റ്റിക് ബക്കറ്റുകള്‍ നിറയ്ക്കാന്‍ ആവശ്യമായ കുറ്റികള്‍ അവര്‍ ശേഖരിച്ചു. പിന്നീട് ഇവ ഒരു കുന്നാക്കി മാറ്റി. ഇക്കാഴ്ച സമൂഹ മാധ്യമങ്ങളിലും ഞെട്ടലുളവാക്കി. നിരവധിയാളുകള്‍ പ്രതികരണവുമായി എത്തി.
സിഗരറ്റ് ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങശളക്കുറിച്ച് ധാരാളംപേര്‍ പ്രതികരിച്ചു. എന്നാല്‍ പുകവലി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കുന്ന കമന്റുകളാണ് ആളുകള്‍ കൂടുതല്‍ തേടിയത്.