ഒന്ന് പ്രാങ്ക് ചെയ്തതാണ്; പക്ഷേ മറ്റേയാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു
Thursday, April 6, 2023 12:38 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി വേറിട്ട സംഭവങ്ങള്‍ നമുക്ക് മുന്നിലേക്കെത്താന്‍ തുടങ്ങി. പ്രത്യേകിച്ച് യൂട്യൂബിന്റെ വരവ് വലിയൊരു മാറ്റംതന്നെ സൃഷ്ടിച്ചു. പലരും സ്വന്തമായി ചാനലുകള്‍ തുടങ്ങി അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമൊക്കെ പങ്കുവച്ചു.
അടുത്തിടെയായി ഹിറ്റായ ഒന്നാണ് പ്രാങ്ക് വീഡിയോകള്‍. ഇതിന്റെ മറവില്‍ പലരും ആളുകളെ പറ്റിക്കുകയും കളിയാക്കുകയും പ്രകോപിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രാങ്കുകള്‍ കൈവിട്ടുപോവുകയും വലിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ ഞെട്ടിച്ചൊരു സംഭവത്തിന്റെ കാര്യമാണിത്. അമേരിക്കയിലുള്ള ടാനര്‍ കുക്ക് എന്ന 21കാരന് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ്. ഇദ്ദേഹത്തിന്റെ പല പ്രാങ്ക് വീഡിയോകളും വൈറലായിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ ഇദ്ദേഹം ഡള്ളസ് ടൗണ്‍ സെന്ററിനുള്ളില്‍ തമാശ ഒപ്പിക്കാനെത്തിയപ്പോള് കുറച്ച് പാളിപ്പോയി. കാരണം ഇദ്ദേഹം പ്രകോപിപ്പിച്ച ആള് അല്പം അപകടകാരിയായിരുന്നു.
അലന് കോളി എന്ന മറ്റേ ആള് ടാനറിനെ പെട്ടെന്ന് വെടിവച്ച് വീഴ്ത്തി. ഇയാള്‍ തോക്കെടുത്ത് വെടിവയ്ക്കുമെന്ന് ആരും തീരെ കരുതിയില്ല. സംഭവത്തില്‍ മാളിലുണ്ടായിരുന്ന എല്ലാവരും ഞെട്ടി.
വയറ്റിലും കരളിലും വെടിയുണ്ട തുളച്ചുകയറിയതിനെത്തുടര്ന്ന് ടാനര്‍ കുക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്. അപകടനില തരണം ചെയ്തതാണ് വിവരം. ഏതായാലും അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.