"മുട്ടുവിന്‍ തുറക്കപ്പെടും' എന്നൊരു ബൈബിള്‍ വചനം പ്രസിദ്ധമാണല്ലൊ. അത് സ്വ ജീവിതത്തില്‍ അര്‍ഥവത്താക്കിയിരിക്കുകയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയിലുള്ള ടൈലര്‍ കോഹീന്‍ എന്ന യുവാവ്.

40 തവണയാണ് ഇദ്ദേഹം ഗൂഗിളിലേക്ക് തന്‍റെ ജോലിയപേക്ഷ അയച്ചത്. എന്നാല്‍ 39 തവണയും ഗൂഗിള്‍ ഇത് തള്ളിയിരുന്നു. 2019 ഓഗസ്റ്റിലാണ് ടൈലര്‍ ആദ്യമായി ഗൂഗിളിലേക്ക് തന്‍റെ ബയോഡേറ്റ അയയ്ക്കുന്നത്. പിന്നെ പലപ്പോഴായി അയച്ചെങ്കിലും എല്ലാത്തവണയും ഇദ്ദേഹത്തിന്‍റെ അപേക്ഷ ഗൂഗിള്‍ തള്ളുകയായിരുന്നു.


നിലവില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ ഡോര്‍ഡാഷില്‍ അസോസിയറ്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ടൈലര്‍. പക്ഷെ ടൈലര്‍ തന്‍റെ ശ്രമം ഉപേക്ഷിച്ചിരുന്നില്ല. ഒടുവില്‍ ഈ 19 ന് അദ്ദേഹത്തിന്‍റെ നാല്‌പതാമത്തെ അപേക്ഷ ഗൂഗിള്‍ സ്വീകരിച്ചു.

താന്‍ അപേക്ഷ അയച്ചതിന്‍റെ ചിത്രം സഹിതം ഇക്കാര്യം ടൈലര്‍ തന്‍റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വൈകാതെ അത് വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ടൈലറിനെ അഭിനന്ദിച്ച് കമന്‍റുകളിടുന്നത്.