നന്ദനക്കുട്ടീസ് സ്പെഷൽ മാസ്ക്! സ്വന്തമായി മാസ്ക് ഡിസൈൻ ചെയ്ത് നാലാം ക്ലാസുകാരി
Thursday, May 7, 2020 3:11 PM IST
കോവിഡിനെതിരായ പോരാട്ടത്തിന് ഏറെ വ്യത്യസ്തമായ തുണി മാസ്ക് രൂപകല്പന ചെയ്തു ശ്രദ്ധേയയാവുകയാണ് തിരുവനന്തപുരം ആര്യ സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി നന്ദന രഞ്ജിത്ത്.
സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്കു മാസ്ക് നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ സ്കൂളിൽ വച്ച് കൂട്ടുകാരുടെ മാസ്ക്കുമായി മാറിപ്പോകുക, നഷ്ടപ്പെട്ടു പോകുക, അശാസ്ത്രീയ രീതിയിൽ ഉപയോഗിക്കപ്പെടുക.. തുടങ്ങി കുട്ടികൾക്കിടയിൽ ഉണ്ടാകാനിടയുള്ള നിരവധി പ്രശ്നങ്ങൾക്കുള്ള ഉത്തരമാണ് ‘നന്ദനക്കുട്ടീസ് സ്പെഷൽ മാസ്ക്.’
ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ മാറിയെടുത്ത് ധരിക്കുന്നത് ആരോഗ്യപരമായിത്തന്നെ ഏറെ അപകടകരമാണ്. ഇവിടെ മാസ്ക് യൂണിഫോമുമായി അനായാസം ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അത്തരം പ്രശ്നങ്ങൾ ഒഴിവാകും. യൂണിഫോമിന്റെ കളറിൽത്തന്നെ മാസ്ക് തയാറാക്കിയാൽ കൂടുതൽ ഭംഗിയാവും.
ദിവസവും യൂണിഫോം അലക്കുന്പോൾ അതിനൊപ്പം തന്നെ മാസ്കും വൃത്തിയാവും. പ്രത്യേകമായി എടുത്ത് കഴുകേണ്ടി വരുന്നില്ല. യൂണിഫോം ഇസ്തിരിയിട്ടു മടക്കി അലമാരയിൽ വയ്ക്കുന്പോൾ അതിന്റെ ഭാഗമായ മാസ്കും സുരക്ഷിതമായി ഒപ്പമുണ്ടാവും. രാവിലെ സ്കൂളിൽ പോകാനൊരുങ്ങുന്പോൾ മാസ്ക് തെരഞ്ഞ് ടെൻഷനടിക്കേണ്ട. അച്ഛനമ്മമാരെ ടെൻഷനടിപ്പിക്കുകയും വേണ്ട!
യൂണിഫോമുമായി തുന്നിച്ചേർത്തിരിക്കുന്നതിനാൽ ഇനി മാസ്കിന്റെ സുരക്ഷയോർത്ത് ടെൻഷൻ വേണ്ട. അതു നഷ്ടപ്പെടുമെന്ന ആധിയും വേണ്ട. വെൽക്രോം ഉപയോഗിച്ചും മാസ്ക് അതുമായി ബന്ധിപ്പിക്കാമെന്ന് നന്ദന പറയുന്നു. ചെറിയ രീതിയിൽ മോഡിഫൈ ചെയ്താൽ ഇത് ആണ്കുട്ടികൾക്കും ഉപയോഗിക്കാം.
ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമായതിനാൽ നന്ദന തയാറാക്കിയ മാസ്ക് നല്ല രീതിയിൽ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കൊറോണക്കാലം കഴിയുന്പോൾ ഇത് ഏപ്രണായോ കർച്ചീഫായോ ഉപയോഗിക്കാമെന്നും നന്ദന പറയുന്നു.
മാസ്കിന്റെ ഉപയോഗരീതി അതീവ രസകരമായി വിശദമാക്കി നന്ദന ചെയ്ത വീഡിയോ ബി ക്രിയേറ്റീവ് എന്ന യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ സയന്റിസ്റ്റായ രഞ്ജിത്തിന്റെയും സുനിത ചന്ദ്രന്റെയും മകളാണ് നന്ദന. കൈരളി ടിവിയിലെ ‘കുട്ടി ഷെഫ് ’ റിയാലിറ്റി ഷോയിലെ മത്സരാർഥി കൂടിയാണ് എട്ടു വയസുള്ള
നന്ദന.
ടി.ജി. ബൈജുനാഥ്