നിങ്ങളുടെ കുട്ടിയുടെ പാസ്വേഡ് അറിയാമോ..?
Wednesday, April 2, 2025 4:48 PM IST
നിങ്ങളിൽ എത്രപേർക്ക് നിങ്ങളുടെ കുട്ടിയുടെ പാസ് വേഡ് അറിയാം? അപ്രതീക്ഷിതമായി നിങ്ങൾ ഫോൺ ചോദിച്ചാൽ നിങ്ങളുടെ കുട്ടി തൽക്ഷണം അത് തരാറുണ്ടോ? കുട്ടിയുടെ ചാറ്റ് ഹിസ്റ്ററി, കുട്ടി ആരുമായൊക്കെ സംസാരിക്കുന്നു, സോഷ്യൽ മീഡിയയിൽ കുട്ടിയുടെ സ്വാധീനം... ഇതൊക്കെ നോക്കാറുണ്ടോ?
ഗാലറിയിലുള്ള ചിത്രങ്ങൾ, മറ്റുള്ളവർക്ക് അയച്ച വീഡിയോകൾ, വാട്സാപ്പ് ചാറ്റുകൾ... എന്നിവയൊക്കെ ശ്രദ്ധിക്കാറുണ്ടോ? നിങ്ങളറിയാതെ വേറെ സിം ഉണ്ടോ? രാത്രി നിങ്ങൾ ഉറങ്ങിയശേഷം മക്കൾ ഫോൺ ഉപയോഗിക്കാറുണ്ടോ? ഇതൊക്കെ എത്ര മാതാപിതാക്കൾ അന്വേഷിക്കുന്നു. കുട്ടിയുടെ പ്രൈവസി എന്നൊന്നും പറഞ്ഞൊഴിയല്ലേ. കാലം അതാണ്. ദൃശ്യം എന്ന സിനിമ ഓർത്താൽ മതി.
മാതാപിതാക്കൾ അറിയാത്ത പ്രൈവസിയൊന്നും കുട്ടിക്കാവശ്യമില്ലെന്ന് അറിയുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ബസ് സ്റ്റാൻഡിലും മറ്റുമിരുന്നു സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന അമ്മമാരുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വിരുതന്മാർവരെയുണ്ട് പ്രബുദ്ധ കേരളത്തിൽ! മൊബൈൽ എന്ന ഉപകരണം അതിന്റെ ദുരുപയോഗംകൊണ്ട് എത്രയോ പേരുടെ ജീവനെടുത്തിരിക്കുന്നു.
ആപത്തു വരുമ്പോൾ മാത്രം അല്പസമയം നമ്മൾ ജാഗരൂഗരാകുന്നു. അടുത്തനിമിഷം മറക്കുകയും ചെയ്യുന്നു. പല കുട്ടികൾക്കും ഐഫോൺ പോലെയുള്ള വില കൂടിയ മൊബൈൽ വാങ്ങി നൽകി ആർഭാടം കാണിക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല, അറിഞ്ഞു കൊണ്ടവരെ നശിപ്പിക്കാൻ തങ്ങൾ കൂട്ടുനിൽക്കുകയാണെന്ന്. ഇനി ആരും വാങ്ങി കൊടുത്തില്ലെങ്കിൽ വീട്ടുകാരറിയാതെ സ്വന്തമായി കാശുണ്ടാക്കി വാങ്ങാനുള്ള വിരുതും ഇപ്പോഴത്തെ ചില കുട്ടികൾക്കുണ്ട്.
ചില കുട്ടികൾ മാതാപിതാക്കൾ വിളിച്ചാൽ കിട്ടാതിരിക്കാൻ അധ്യാപകരുടെ നമ്പർ അവരുടെ ഫോണിൽനിന്ന് ബ്ലോക്ക് ചെയ്തിടാറുണ്ട്. അതാണ് കുട്ടികൾ. അവരുടെ മേൽ എത്രമാത്രം ശ്രദ്ധ ഉണ്ടാകുന്നോ അത്രയും നല്ലത്. കതകടച്ചിരുന്നു പഠിക്കാൻ കുട്ടികളെ അനുവദിക്കാതിരിക്കുക. ലാപ്ടോപ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ ചെല്ലുന്നിടത്തു വച്ചു കൈകാര്യം ചെയ്യാൻ പറയുക.
മാതാപിതാക്കൾ ഉപദേശിക്കാൻ ചെല്ലുമ്പോൾ അച്ഛൻ അല്ലങ്കിൽ അമ്മ ആദ്യം ഫോൺ താഴെവയ്ക്കൂ എന്ന് കുട്ടി പറയാൻ ഇടം കൊടുക്കാതിരിക്കാൻ അവരും ശ്രദ്ധിക്കണം. 24 മണിക്കൂർ ഫോണിൽ തോണ്ടിയിരുന്നിട്ട് മക്കളെ ഉപദേശിക്കാൻ ചെല്ലുന്നതിൽ അർഥമില്ല. കുട്ടികൾക്കു പക്വത വന്നശേഷമേ മൊബൈൽ ഫോൺ പൂർണമായും കൈകാര്യം ചെയ്യാൻ അനുവദിക്കാവു. അതുവരെ എല്ലാം മാതാപിതാക്കളുടെ കർശനനിയന്ത്രണത്തിൽ മാത്രം.