ഒരു ചുവന്ന സാരികൊണ്ട് 150 പേരെ രക്ഷിച്ച ഓംവതി ദേവി; ഹീറോയാകാൻ അമാനുഷിക ശക്തിയൊന്നും വേണ്ടന്നേ!
Wednesday, April 2, 2025 12:11 PM IST
കുഞ്ഞായിരിക്കുന്പോൾ അസാമാന്യ കഴിവും ശക്തിയും ഉള്ളവരെയും വലിയ അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നവരെയും സൂപ്പർമാനെന്നോ, ശക്തിമാനെന്നോ ഒക്കെയാണ് വിളിക്കാറ്. പക്ഷേ, വലുതാകുന്പോൾ ഈ ശക്തിമാനും സൂപ്പർമാനുമൊക്കെ നമുക്കിടയിൽ തന്നെയുണ്ടെന്നു മനസിലാകും.
അത്തരമൊരാളുടെ കഥയാണിത്, ഉത്തർപ്രദേശിൽ നിന്നുള്ള 70 വയസ്സുള്ള ഒരു സ്ത്രീ, അവളുടെ പെട്ടെന്നുള്ള ചിന്തയുടെയും മനോധൈര്യത്തിന്റെയും ബലത്തിൽ 150 ട്രെയിൻ യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്.
മൂന്ന് വർഷം മുമ്പാണ് ഓംവതി ദേവി റെയിൽവേ ട്രാക്കുകൾക്ക് സമീപം പതിവ് നടത്തത്തിനായി എത്തിയത്. അപ്പോഴാണ് അസാധാരണമായ എന്തോ ഒന്ന് റെയിൽവേ ട്രാക്കിൽ ശ്രദ്ധിച്ചത്. റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം തകർന്നിരിക്കുന്നു. അവർക്ക് പെട്ടെന്ന് തന്നെ അപകടം മനസ്സിലായി. തകർന്ന ട്രാക്കിലൂടെ ഒരു ട്രെയിൻ കടന്നുപോയാൽ, അത് ഒരു വലിയ അപകടത്തിലേക്ക് നയിച്ചേക്കാം, ഇത് നിരവധി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും.
എന്തു ചെയ്യുമെന്ന് ആദ്യം അവൾ ചിന്തിച്ചു. അപ്പോഴാണ് ആ ബുദ്ധി തോന്നിയത് അവൾ തന്റെ ചുവന്ന സാരി അഴിച്ച് ട്രാക്കിൽ കെട്ടി. ഭാഗ്യവശാൽ, ലോക്കോ പൈലറ്റ് ചുവപ്പ് തുണി കണ്ടു, കൃത്യസമയത്ത് ട്രെയിൻ നിർത്തി, ഒരു വലിയ ദുരന്തം ഒഴിവായി.
ചുവപ്പ് അപകട സൂചന നൽകാൻ ഉപയോഗിക്കുന്ന നിറമാണെന്ന് താൻ കേട്ടിട്ടുണ്ടെന്ന് ഓംവതി ദേവി പിന്നീട് ഇതേക്കുറിച്ച് പങ്കുവെച്ചു. ആ അറിവ് ഉപയോഗിച്ചാണ് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയത്.
സാധാരണക്കാർ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് ഓംവതി ദേവിയുടെ കഥ. 2018 ൽ, നൈജീരിയയിലെ 36 വയസ്സുള്ള ജോസഫ് ബ്ലാങ്ക്സൺ, 24 ആളുകളുമായി സഞ്ചരിച്ച ഒരു യാത്രാ ബോട്ട് നദിയിലെ ഒരു വസ്തുവിൽ ഇടിച്ചപ്പോൾ രക്ഷകനായി. ഒരു മടിയും കൂടാതെ, അദ്ദേഹം വെള്ളത്തിലേക്ക് ചാടി ആളുകളെ രക്ഷിക്കാൻ തുടങ്ങി. 13 ജീവൻ അദ്ദേഹം രക്ഷിച്ചു, പക്ഷേ 14ാമത്തെ വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം മുങ്ങിമരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ധീരമായ ഇടപെടലിൽ ജീവൻ തിരികെ കിട്ടിയത് 13 പേർക്കാണ്.
2004-ൽ തായ്ലൻഡിലെ ഫുക്കറ്റിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ ടില്ലി എന്ന 10 വയസുകാരിക്കുമുണ്ട് മറ്റൊരു പ്രചോദനാത്മകമായ കഥ പറയാൻ. കടൽത്തീരത്ത്, കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുനാമിയെക്കുറിച്ച് ഭൂമിശാസ്ത്ര ക്ലാസിൽ പഠിച്ചതുപോലെ, കടൽ വിചിത്രമായി തിളച്ചുമറിയുന്നത് അവൾ ശ്രദ്ധിച്ചത്. അപകടം മനസ്സിലാക്കിയ അവൾ മാതാപിതാക്കൾക്ക് പെട്ടെന്ന് മുന്നറിയിപ്പ് നൽകി, അവർ ബീച്ച് സ്റ്റാഫിനെ അറിയിച്ചു. അവളുടെ ജാഗ്രത മൂലം സുനാമി ഉണ്ടാകുന്നതിന് മുമ്പ് നിരവധി ആളുകളെ തീരത്തു നിന്നും മാറ്റാൻ സാധിച്ചു. ഇതുവഴി എണ്ണമറ്റ ജീവൻ രക്ഷിക്കാനായി. പിന്നീട് മറൈൻ സൊസൈറ്റിയിൽ നിന്ന് തോമസ് ഗ്രേ സ്പെഷ്യൽ അവാർഡ് നൽകി ടില്ലിയെ ആദരിച്ചിരുന്നു.
ഹീറോയാകാൻ പ്രത്യേക വേഷവിധാനങ്ങളോ, അസാധാരണമായ ശക്തിയോ കഴിവോ ഒന്നും വേണ്ട എന്നു ഓർമ്മിപ്പിക്കുന്നതാണ് ഈ കഥകളൊക്കെയും. നമുക്കിടയിലെ സാരി ധരിച്ച ഒരു സ്ത്രീയോ, കരുതലുള്ള അച്ഛനോ, അറിവും അവബോധവുമുള്ള ഒരു പെൺകുട്ടിയോ ഒക്കെ ഹീറോകളാകും. അസാധാരണവും പ്രയാസകരവുമായ സാഹചര്യങ്ങളിൽ ധൈര്യത്തോടെ പ്രവർത്തിച്ച് ജീവൻ രക്ഷിക്കുകയും അവർ നിൽക്കുന്ന ഇടം കൂടുതൽ സുരക്ഷിതമായ സ്ഥലമാക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോകൾ.