മസിലുകൾക്ക് പണി കൊടുക്കൂ..!
Tuesday, April 1, 2025 12:45 PM IST
പണ്ട്, സ്കൂൾ കോളജ് പഠനകാലത്ത്, സഹപാഠികൾ ഓട്ടോഗ്രാഫ് എഴുതി കൊടുക്കുകയും എഴുതി വാങ്ങുകയും ചെയ്യുമായിരുന്നു. ഓർമയിലുള്ള അക്കാലത്തെ കുറിപ്പുകളിലൊന്ന് ഏതാണ്ടിങ്ങനെയായിരുന്നു: "സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, പ്രവർത്തിക്കാനും എന്തെങ്കിലും ഉണ്ടായിരിക്കുക...’
ഡിപ്രഷനെ മറികടക്കാൻ പ്രതീക്ഷ സഹായിക്കും. പ്രതീക്ഷാപൂർവം ചിന്തിക്കാൻ തലച്ചോറിനെ പ്രാപ്തനാക്കാൻ മയോകൈൻസ് എന്ന പ്രോട്ടീനുകൾക്ക് സാധിക്കും. ഈ പ്രൊട്ടീനുകൾ ഉരുവാക്കുന്നത് പേര് സൂചിപ്പിക്കുന്നതുപോലെ മസിലുകളാണ്. മസിലുകൾ ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കുമ്പോൾ (വ്യായാമം, നൃത്തം, നടപ്പ്, ഓട്ടം...) മസിലുകൾ മയോകൈൻസ് എന്ന തന്മാത്രകളെ രക്തത്തിലേക്ക് സ്വതന്ത്രരാക്കുന്നു. ഈ പ്രോട്ടീനുകൾ തലച്ചോറിലെത്തി, തലച്ചോറിലെ കോശങ്ങളെ ഗുണപരമായി സ്വാധീനിച്ച് വിഷാദം കുറച്ച് പ്രത്യാശയുടെ പുതുകിരണങ്ങൾ ഉദിക്കാൻ കാരണമാകുന്നു.
എന്തെങ്കിലുമൊക്കെ ചെയ്ത് മസിലുകൾക്ക് പണി കൊടുത്താൽ സ്വയം സന്തുഷ്ടനാകാം. സ്ത്രീകൾക്ക് സ്കിപ്പിംഗ് റോപ്പ് നല്ലതാണ്. മഴയെയോ പട്ടികളെയോ പേടിക്കാതെ വീട്ടിൽതന്നെ ചെയ്യാം. അല്ലെങ്കിൽ തിരുവാതിര, ഒപ്പന, മാർഗംകളി തുടങ്ങിയവ സംഘംചേർന്നു കളിക്കാം. യോഗ ചെയ്യാം. പുതുതലമുറയ്ക്ക് സൂംബ ഡാൻസ് കളിക്കാം. ജിമ്മിൽ പോകാം.
പുരുഷന്മാർക്ക് അവർക്കിഷ്ടമുള്ള വ്യായാമരീതികൾ അവലംബിക്കാം. നടക്കാം, ഓടാം, ചാടാം, കളിക്കാം, ജിമ്മിൽ പോകാം... എന്തു ചെയ്താലും മസിലുകൾ പ്രവർത്തിക്കണം അത്രതന്നെ. കുട്ടികൾ, പ്രത്യേകിച്ചും കൗമാരക്കാർ, മുൻകോപക്കാരും വിഷാദക്കാരും ആകുന്നതിന്റെ കാരണങ്ങളിൽ പ്രധാനം അമിതമായ സ്മാർട്ട് ഫോൺ ഉപയോഗമാണ്.
സ്ക്രീൻ ടൈം കാര്യമായി കുറയ്ക്കാൻ സഹായിക്കൂ, കൂട്ടുകാരോടൊത്തുള്ള കളികൾ പ്രോത്സാഹിപ്പിക്കൂ, മസിലുകൾ അനങ്ങട്ടെ, രക്തത്തിലേക്ക് പ്രതീക്ഷയുടെ മയോകൈൻസ് പ്രവഹിക്കട്ടെ. അവർ തലച്ചോറിലെത്തി അവരെ പ്രത്യാശ ഉള്ളവരാക്കട്ടെ. ശ്രമിക്കൂ, അനങ്ങൂ, വെറുതെ ഇരിക്കാതിരിക്കൂ...!