കുടിയേറ്റത്തിന്റെ വസന്തകാലം തീർന്നിട്ടില്ല?
മുരളി തുമ്മാരുകുടി
Thursday, March 27, 2025 2:32 PM IST
കുടിയേറ്റം വലിയൊരു വിഷയമാണ്. ഇപ്പോൾ ലോകത്ത് പൊതുവെ കുടിയേറ്റത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമല്ല. അമേരിക്കയിൽ അനധികൃതമായി കുടിയേറിയവരെ പുറത്താക്കാനുള്ള കർശനമായ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടിലും കുടിയേറ്റത്തിന് എതിരായ മനോഭാവം കൂടി വരുന്നു. നിയമപരമായി വരുന്നവർക്കുപോലും നിയന്ത്രണങ്ങൾ കൂടുന്നു.
രണ്ടായിരത്തി ഇരുപതിൽ കോവിഡിന്റെ തുടക്കകാലത്ത് ലോകത്തെമ്പാടും വിമാനയാത്രകൾ ഇല്ലാതായി. ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ അനുമതി നിഷേധിച്ചു. കോവിഡ് അവസാനിച്ചതോടെ അതിർത്തികൾ തുറന്നു. യാത്രകൾ കൂടി. കോവിഡിന് മുൻപ് എട്ടു കോടി ടൂറിസ്റ്റുകൾ വന്നിരുന്ന സ്പെയിനിൽ ടൂറിസ്റ്റുകളുടെ എണ്ണം പത്തുകോടിയുടെ മുകളിൽ എത്തി. ഇത് സ്പെയിനിലെ മാത്രം കാര്യമല്ല.
കുടിയേറ്റത്തിന്റെ കാര്യവും ഇതുപോലെതന്നെയാണ്. ഇപ്പോഴത്തെ കോലാഹലങ്ങൾ കാണുമ്പോൾ കുടിയേറ്റത്തിന്റെ കാലം അവസാനിച്ചു എന്നൊക്കെ തോന്നും. വെറുതെയാണ്. കുടിയേറ്റത്തിനും പ്രത്യേകിച്ച് അനധികൃത കുടിയേറ്റത്തിനും എതിരായി ഇപ്പോൾ നടക്കുന്ന നടപടികളും നിയമങ്ങളും നയങ്ങളുമൊക്കെ കുടിയേറ്റത്തിന് അനുകൂലമായ ഒരു സാഹചര്യമാകും ഉണ്ടാക്കുക. കാരണം, എഐയും റോബോട്ടും ഒക്കെ വളരുമ്പോഴും തൊഴിൽ കമ്പോളത്തിൽ ആളുകളുടെ ആവശ്യം കൂടുകയാണ്.
വികസിത രാജ്യങ്ങളിൽ എല്ലാംതന്നെ ജനസംഖ്യ വളർച്ചാനിരക്ക് ഏറെ കുറഞ്ഞിരിക്കുന്നു. ജപ്പാൻപോലെ ചില രാജ്യങ്ങളിൽ ജനസംഖ്യതന്നെ കുറയുന്നു. അപ്പോൾ കുടിയേറ്റത്തിന്റെ ആവശ്യം കൂടി വരും. അതുകൊണ്ടുതന്നെ അടുത്ത ഒരു വർഷത്തിലെ ഒച്ചപ്പാടെല്ലാം കഴിയുമ്പോൾ എങ്ങനെയാണ് നിയമവിധേയമായി കുടിയേറ്റം വർധിപ്പിക്കുന്നത് എന്നതിലേക്കു ചർച്ച മാറും.
സ്വന്തം നാട്ടിൽ എൻജിനീയർ, ഡോക്ടർ, കോളജ് അധ്യാപകർ ഉൾപ്പെടെ ഉള്ളവർക്കു ലഭിക്കുന്നതിനു പലമടങ്ങ് ശമ്പളമാണ് വികസിത രാജ്യങ്ങളിൽ ഡ്രൈവറായാലും കൃഷിപ്പണിക്കാരനായാലും മുടിവെട്ടുകാരനായാലും ലഭിക്കുന്നത്. ഇതാണ് മനുഷ്യക്കടത്തുകാർ ദുരുപയോഗം ചെയ്ത് ലക്ഷങ്ങളും കോടികളും ആളുകളുടെ കൈയിൽനിന്നു വാങ്ങി അവരെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ എത്തിക്കുന്നത്.
വികസിത രാജ്യങ്ങളിൽ ഏതൊരു ജോലിക്കും കൃത്യമായ പരിശീലനം വേണം. മുടിവെട്ടാൻ മൂന്നു വർഷത്തെ പരിശീലനം നൽകുന്ന "സ്കൂൾ ഓഫ് ഹെയർ’ വിദേശത്ത് കണ്ടിട്ടുണ്ട്. ഇത്തരം പരിശീലന സ്കൂളുകളും ഡിഗ്രികളും നമ്മുടെ നാട്ടിൽ വേണ്ടത്ര ഇല്ല. പരിശീലന മികവുള്ളവർക്ക് അതിനനുസരിച്ച് ലോകത്തെവിടെയും ജോലിയും ശമ്പളവും മാന്യതയുമൊക്കെ ലഭിക്കും. ആ കാലത്തിനാണ് നമ്മൾ തയാറെടുക്കേണ്ടത്.