വിവാഹം മാത്രമല്ല വിവാഹ മോചനവും ഒരു പുതിയ ജീവിതത്തിന്റെ തുടക്കം; കണ്ടു തീർത്ത 12 രാജ്യങ്ങൾ പോര ലോകമൊട്ടാകെ സഞ്ചരിക്കണം 66 കാരിയുടെ സൈക്കിൾ സഞ്ചാരം
Tuesday, March 25, 2025 12:31 PM IST
വിവാഹം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണെങ്കിൽ വിവാഹമോചനം അതിനേക്കാൾ മനോഹരമായ പുതിയ ജീവിതത്തിന്റെ തുടക്കമാണന്നു തെളിയിക്കുകയാണ് ഒരു ചൈനക്കാരി. ഒരു സൈക്കിളിലാണ് അവർ പുതിയ ജീവിതത്തെ കണ്ടെത്തിയത്.
വിവാഹ മോചനം ഏൽപ്പിച്ച ആഘാതം മനസിലങ്ങനെ മുറിവായി കിടന്നു. അത് വളർന്ന് വിഷാദമായി. പക്ഷേ, വിഷാദത്തിനു തന്നെ വിട്ടു നൽകാൻ ലി ഡോങ്ജു ഒരുക്കമായിരുന്നില്ല. ചൈനയിലെ ഷെങ്ഷൗ സ്വദേശിനിയാണ് അറുപത്തിയാറ് വയസുള്ള ലി ഡോങ്ജു.
മകൻ സമ്മാനമായി നൽകിയ സൈക്കിളിൽ അവർ യാത്രക്കിറങ്ങി. ആ യാത്ര നീണ്ടു നീണ്ട് 12 രാജ്യങ്ങൾ പിന്നിട്ടു കഴിഞ്ഞു. കംബോഡിയ, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിങ്ങനെ 12 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് അവർ സൈക്കിൾ ചവിട്ടി. അടുത്ത സ്വപ്നത്തിലേക്ക് സൈക്കിൾ ചവിട്ടാനുള്ള ഒരുക്കത്തിലാണവർ. സൈക്കിളിൽ ലോകം ചുറ്റുകയെന്നതാണ് സ്വപ്നം. കുറഞ്ഞത് 100 രാജ്യങ്ങളിലൂടെയെങ്കിലും സൈക്കിളിൽ സഞ്ചരിക്കണം.
കൈമുതലായുള്ളത് ആത്മവിശ്വാസം മാത്രമാണ്. മൻഡാരിൻ ഭാഷ മാത്രം അറിയാവുന്ന ഡോങ്ജു വിവർത്തകരുടെ സഹായത്തോടെയാണ് ഓരോ നാട്ടിലും ആശയവിനിമയം നടത്തുന്നത്. യത്ര ഇവർക്ക് ലഹരിയായി മാറിക്കഴിഞ്ഞു. അതിനി അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് പറയുന്നത്.
യാത്രയ്ക്കായി വലിയ തുകയൊന്നും ഡോങ്ജുവിന്റെ കയ്യിലില്ല. അതുകൊണ്ട് പലപ്പോഴും പാർക്കുകളിലും ഗ്യാസ് സ്റ്റേഷനുകളിലും സെമിത്തേരികളിലുമൊക്കെയായാണ് ഉറക്കം. വഴിയിൽ പരിചയപ്പെടുന്ന ആരെങ്കിലും വീട്ടിലേക്കു ക്ഷണിച്ചാൽ അവരോടൊപ്പം പോകും. ഓരോ യാത്രയ്ക്കു മുന്പും പണം കണ്ടെത്താനായി വീട്ടു ജോലി മുതൽ എന്തും ചെയ്താണ് അവർ പണം കണ്ടെത്തുന്നത്. യാത്രക്കിടയിലും എന്തെങ്കിലും ജോലികൾ കിട്ടിയാൽ ചെയ്യും. അങ്ങനെയും പണം കണ്ടെത്തും.
ഡോങ്ജു 2013 ലാണ് സൈക്ലിംഗ് ആരംഭിച്ചത്. ഒരു പൊട്ട ക്കിണറ്റിലെ തവളയായിരുന്ന തന്നെ ഒരു ചെന്നായയെപ്പോലെയാക്കിയത് സൈക്ലിംഗാണെന്നാണ് ഇവർ പറയുന്നത്. എന്തിനും ഏതിനും ആരെയെങ്കിലും ആശ്രയിച്ചിരുന്ന താനിന്ന് സ്വതന്ത്രയും ഭയമില്ലാത്തവളുമായിരിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. കസാക്കിസ്ഥാനിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കാണ് ഡോങ്ജുവിന്റെ അടുത്ത സൈക്കിൾ യാത്ര. അതിനായുള്ള റൂട്ടിനെക്കുറിച്ച് പഠനത്തിലാണിവർ.