കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണോ..?
വിനീത ശേഖർ
Monday, March 24, 2025 1:54 PM IST
കുട്ടികൾ സ്കൂളിൽ സുരക്ഷിതരാണോ എന്നറിയാനായി അധ്യാപകർതന്നെ മുൻകൈ എടുത്ത് നടത്തുന്ന ഒരു സംവിധാനമാണ് സേഫ്ഗാർഡിംഗ്. സ്കൂളിൽ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മോശമായി പെരുമാറുക, ഗുരുതരമായി ആക്രമിക്കുക, ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നിവയെല്ലാം ഇതുവഴി ഒഴിവാക്കപ്പെടും.
യുകെ പോലുള്ള രാജ്യങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി തുടങ്ങിവച്ച ഈ സംരംഭം ഗൾഫിൽ പല സ്കൂളുകളിലും പ്രവർത്തികമാക്കിയിട്ടുണ്ട്. കുട്ടികൾ കളിക്കുന്ന പ്ലേ ഗ്രൗണ്ടിലും മറ്റും ഇതിനായി പരിശീലനം നേടിയ അധ്യാപകരുടെ സാന്നിധ്യമുണ്ടാകും. പ്ലേ സ്കൂൾ മുതൽ തുടങ്ങുന്ന ഈ സംവിധാനം 18 വയസു വരെയുള്ള കുട്ടികൾക്ക് ഗൾഫിൽ ലഭ്യമാകുന്നുണ്ട്.
എന്റെ മകൻ പഠിക്കുന്നത് ഇവിടെ ഒരു ബ്രിട്ടീഷ് സ്കൂളിലാണ്. അവിടെ ക്ലാസ് തുടങ്ങുന്നത് രാവിലെ 7.30നാണ്. കൃത്യസമയത്ത് ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് മെയിൽ അയച്ച് നിങ്ങളുടെ കുട്ടികൾ സ്കൂളിലെത്താൻ വൈകിയെന്ന് അറിയിക്കുന്ന ഒരു രീതി അവിടെയുണ്ട്. മെഡിക്കൽ ലീവ് ഏതെങ്കിലും കാരണത്താൽ എടുത്താൽ ഡോക്ടറിന്റെ ഒപ്പും സീലുമുള്ള കത്ത് വേണം. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കള്ളത്തരം കാണിക്കാൻ കഴിയില്ല.
സ്കൂൾ വിടുന്ന സമയം സ്കൂൾ പരിസരത്തു കറങ്ങി നടക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതും സേഫ്ഗാർഡിംഗിന്റെ ഭാഗമാണ്. സ്കൂളിൽ യാതൊരുവിധ ലഹരിമരുന്നോ മൊബൈൽ സംവിധാനമോ അനുവദനീയമല്ല. ഇതിന്റെ ഭാഗമായി ഏതുസമയവും അപ്രതീക്ഷിതമായി പരിശോധനയുണ്ടാവും. നന്നായി മുടിയും താടിയും വെട്ടി വൃത്തിയോടെ ക്ലാസിൽ വരാത്ത കുട്ടികൾക്ക് ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പു ലെറ്റർ കൊടുക്കും.
വ്യക്തിത്വവികസനം, മാനസിക പിരിമുറുക്കം കുറയ്ക്കൽ എന്നിവയുടെ ക്ലാസുകൾ ആഴ്ചയിൽ രണ്ടുതവണ നടത്താറുണ്ട്. മിക്കവാറും സേഫ്ഗാർഡിംഗിന്റെ ചുമതല ഹെഡ് ടീച്ചേർസിന് ആയിരിക്കും. പ്രത്യേക പരിശീലനം സിദ്ധിച്ച ഈ ടീച്ചർ കുട്ടികളുമായി നല്ല രീതിയിലുള്ള ആശയവിനിമയം നിലനിർത്താറുണ്ട്. കുട്ടികൾക്ക് അവർക്ക് മേൽ നടക്കുന്ന എന്തതിക്രമവും ഇവരോട് പറയാം. വളരെ സൗഹൃദപരമായ ഒരു കൂട്ടുകെട്ട് ഇത്തരം സംവിധാനമുള്ള സ്കൂളുകളിൽ കണ്ടുവരുന്നു.
ഇത്തരം സംവിധാനങ്ങൾ കേരളത്തിലെ സ്കൂളുകളിൽ പ്രവർത്തികമാക്കാൻ ശ്രമിച്ചാൽ കുട്ടികളുടെ ഇടയിൽ നടക്കുന്ന എത്രയോ സംഭവങ്ങൾ ഒഴിവാക്കാം. ഇതിനായി വ്യക്തമായ ഒരു വിദ്യാഭ്യാസ സംവിധാനം വേണം. മാതാപിതാക്കളുടെ സപ്പോർട്ട് വേണം. നിങ്ങളുടെ മകൻ/മകൾ ഇത്തരത്തിൽ പ്രവർത്തിച്ചു എന്ന് അധ്യാപകൻ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ശ്രമിക്കണം.
കുട്ടികളുടെ തെറ്റ് ബോധ്യപ്പെടുത്തി നേർവഴിക്ക് നടത്താനുള്ള ശ്രമങ്ങൾ സ്കൂളിൽനിന്നു തുടങ്ങാൻ കഴിയും വിധം സേഫ്ഗാർഡിംഗ് പോലെയുള്ള സംവിധാനം സ്കൂളുകളിൽ പ്രവർത്തികമാക്കാൻ പിടിഐ മുൻകൈ എടുക്കണം. വൈകിയിട്ടില്ല ഇനിയും...