പെൺമക്കളൊന്നും ഭാരമല്ല; ഒന്പതു പേരുകളും അവസാനിക്കുന്നത് ഡിയിൽ
Friday, March 21, 2025 4:21 PM IST
പെൺക്കളുണ്ടാകുന്നത് വലിയ ഭാരമായി കാണുന്ന അച്ഛനമ്മമാരെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടും വായിച്ചിട്ടും അറിഞ്ഞിട്ടുമൊക്കെയുണ്ട്. പക്ഷേ, ചൈനയിലെ ഒരു കുടുംബത്തിൽ ഒന്പതു മക്കളാണ്. ആ ഒന്പത പേരും പെൺമക്കളാണ്. ഇതുമാത്രമല്ല ആ കുടുംബത്തിന്റെ പ്രത്യേകത ആ ഒന്പതു പെൺകുട്ടികളുടെയും പേരുകൾ അവസാനിക്കുന്നത് ഡി എന്ന ചൈനീസ് അക്ഷരത്തിലാണ്.
ജി എന്നാണ് ഇവരുടെ പിതാവിന്റെ പേര്. ജിയാങ്സു പ്രവിശ്യയിലെ ഹുവായാനിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ജി എന്നയാളുടെ വീട്. ജിയുടെ മൂത്ത മകളും ഇളയമകളും തമ്മിൽ 20 വയസിന്റെ പ്രായവ്യത്യാസം ഉണ്ട്. അദ്ദേഹത്തിന്റെ ഒന്പതു മക്കളിൽ ഒരാളായ സിയാങ്ഡി തൻരെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ കുടുംബത്തെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചുമുള്ള കഥകൾ ഷെയർ ചെയ്യാൻ തുടങ്ങിയതോടെയാണ് ഈ കുടുംബം വൈറലായത്.
സിയാങ്ഡിയുടെഅച്ഛന് ഒരു ആൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം. ആഗ്രഹത്തിന്റെ ഫലമാണ് ഒന്പത് പെൺമക്കൾ. പക്ഷേ, ആൺകുട്ടികളുണ്ടായില്ല എന്നുള്ള നിരാശയൊന്നും അദ്ദേഹത്തിനില്ലെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് സംസാരിക്കവെ സിയാങ്ഡി പറഞ്ഞു.
വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ വളർത്തുന്നത്. ഒരിക്കൽപ്പോലും മോശമായിപെരുമാറിയിട്ടില്ല.ആൺകുട്ടികളുണ്ടായില്ലല്ലോ എന്ന നിരാശയും പ്രകടമാക്കിയിട്ടില്ല. വലിയകുടുംബമാണ് ഞങ്ങളുടേത് ഏറെ സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. പെൺമക്കൾക്ക് എന്താണ് കുഴപ്പം, എനിക്ക് പെൺകുട്ടികളെ ഇഷ്ടമാണ്, അവരെ ഞാൻ പരമാവധി പഠിപ്പിക്കും എന്നാണ് അച്ഛൻ പലപ്പോഴും അമ്മയോട് പറയുന്നത് എന്നാണ് സിയാങ്ഡി അഭിപ്രായപ്പെട്ടത്.
താനും സഹോദരമാരുമെല്ലാം അടികൂടിയും സ്നേഹിച്ചും പരസ്പരം ശ്രദ്ധിച്ചും സഹായിച്ചുമൊക്കെയാണ് വളരുന്നത്. അവർ തനിക്ക് സുഹൃത്തുക്കൾ കൂടിയാണെന്നും സിയാങ്ഡി പറഞ്ഞു.
ചൈനയിൽ പ്രായമായ അച്ഛനമ്മമാരെ നോക്കേണ്ടത് ആൺമക്കളാണ് എന്ന ചിന്ത ഇപ്പോഴും ഉണ്ട്. എന്നാൽ, ഞങ്ങളുടെ അച്ഛൻ അങ്ങനെ കരുതുന്നില്ല എന്നും പറ്റുംപോലെ മക്കളെ പഠിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിയാങ്ഡി പറഞ്ഞു.