ശന്പളം എത്രയാണെന്നറിയേണ്ടവർക്ക് ഇതിലും നല്ല മറുപടി വേറെയുണ്ടോ? ഇനി എന്തെങ്കിലും അറിയാനുണ്ടേൽ ചോദിച്ചിട്ട് പോ
Thursday, March 20, 2025 3:07 PM IST
ജോലിഎന്താ? ശന്പളം എത്രയാ? ഇത്രയും ശന്പളം കൊണ്ട് എങ്ങനെ ജീവിക്കും ? ഇങ്ങനെ ഇങ്ങനെ നിരന്തരം ചോദ്യം ചെയ്തു ശല്യപ്പെടുത്തുന്ന ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്തവർ കുറവായിരിക്കുമല്ലേ.
ഈ ചോദ്യങ്ങളെക്കുറിച്ചോർത്ത് ഇത്തരക്കാരെ കാണുന്പോൾ ഓടിയൊളിക്കുന്നവരും മുഖം തിരിച്ചിരിക്കുന്നവരുമൊക്കെയുണ്ടാകും. ചിലർ ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുക്കും. ഇങ്ങനെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നവരെ എങ്ങനെ നേരിടണമെന്നുള്ള ഒരു ഡോക്ടറുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് നിരവധിപ്പേരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കാർഡിയോളജിസ്റ്റാണ് തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. കർണാടകയിലെ കാവേരി ആശുപത്രിയിലെ കാർഡിയോളജി ഡയറക്ടറായി സേവനം ചെയ്യുകയാണ് ഡോ. ദീപക് കൃഷ്ണമൂർത്തി. മെഡിക്കൽ രംഗത്തേക്ക് അദ്ദേഹം വന്നപ്പോൾ തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിരന്തരം പരിഹസിക്കുന്ന ഒരു ബന്ധുവുണ്ടായിരുന്നു അദ്ദേഹം എങ്ങനെയാണ് ഈ ബന്ധുവിനെ നിശബ്ദനാക്കിയത് എന്നാണ് പോസ്റ്റിലൂടെ പറയുന്നത്.
എക്സി (ട്വിറ്ററിൽ) ലാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രായത്തിലുള്ളവരെല്ലാം സമ്പാദിക്കുമ്പോൾ താൻ അച്ഛനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
എനിക്ക് ജോലിയൊക്കെ കിട്ടി സെറ്റിലായ ശേഷവും അതേ ബന്ധു എന്നോട് എന്റെ ശന്പളത്തെക്കുറിച്ചും സാന്പത്തിക കാര്യങ്ങളെക്കുറിച്ചും ചോദിച്ചു. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളുടെയും വാർഷിക വരുമാനത്തേക്കാൾ കൂടുതലാണ് എന്റെ വാർഷിക നികുതി എന്നായിരുന്നു എന്റെ മറുപടി.