രക്ഷിച്ചത് ജീവന്റെ ജീവനാണെന്നറിയാതെ നൽകിയ സമ്മാനം; കാര്യമറിഞ്ഞപ്പോൾ കരഞ്ഞുപോയി
Tuesday, March 18, 2025 3:06 PM IST
ചിലപ്പോഴൊക്കെ വലിയ വലിയഅത്ഭുതങ്ങൾ കൊണ്ട് ജീവിതം നമ്മെ ഞെട്ടിക്കാറുണ്ടല്ലേ. ഒരിക്കലും സംഭവിക്കില്ലെന്നു കരുതുന്ന കാര്യങ്ങളാകാം.അല്ലെങ്കിൽ കഴിഞ്ഞു പോയ ഒരു സംഭവത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാകാം. എന്തായാലും അടുത്തിടെ ചൈനയിൽ നടന്ന ഒരു സംഭവം വളരെ യാദൃശ്ചികതകൾ നിറഞ്ഞതായിരുന്നു.
ഒരു യുവതിയും സുഹൃത്തും ചൈനയിലെ ഒരു നൂഡിൽസ് കടയിലെത്തി. കടയുടമ രണ്ടു പേരെയും സന്തോക്ഷത്തോടെ സ്വീകരിച്ചു. അവർ പറഞ്ഞ ഭക്ഷണവും നൽകി.ഭക്ഷണപ്പൊതി കൈയിൽ കട്ടിയപ്പോൾ ഓർഡർ ചെയ്തതിലും അധികമുണ്ടല്ലോയെന്ന് ഓർഡർ കൊടുത്ത യുവതി ചോദിച്ചു.
അപ്പോൾ കടയുടമയുടെ മറുപടി ഇങ്ങനെയൊയിരുന്നു. "രണ്ടു പേർക്കും എന്റെ വക ചെറിയൊരു സമ്മാനം'. സമ്മാനമോ അതെന്തിനാണെന്നായി അവർ. നിങ്ങളുടെ നല്ല പ്രവർത്തിക്കാണീ സമ്മാനമെന്നും. കാറപകടത്തിൽ പരിക്കേറ്റ യുവാവിനെ കൃത്യസമയത്ത് നിങ്ങൾ രക്ഷിച്ചില്ലേയെന്നും കടയുടമ ചോദിച്ചു. ശരിയാണെന്ന് ഇരുവരും പറഞ്ഞു.
കുറച്ചധികം ഭക്ഷണമായിരുന്നു കടയുടമ നൽകിയആ സമ്മാനം. കാറപകടത്തിൽ പരിക്കേറ്റ യുവാവിനെ രക്ഷിച്ചതിനായിരുന്നു ആ സമ്മാനം നൽകിയത്. പക്ഷേ, അപ്പോഴൊന്നും അയാൾ ആർക്കാണ് പരിക്കേറ്റതെന്നറിഞ്ഞിരുന്നില്ല. എന്നാൽ, രക്ഷിച്ചവരെക്കുറിച്ചറിഞ്ഞിരുന്നു.
മാർച്ച് ഏഴിനു വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു യുവതിയും അവരുടെ സുഹൃത്തും ഗ്വാങ്ഡോംഗ് പ്രവിശ്യയിലൂടെ വാഹനമോടിച്ച് പോവുകയായിരുന്നു. അപ്പോഴാണ് ഒരു കാർ അപകടത്തിൽപ്പെട്ടതായി കണ്ടത്. യുവതി അപ്പോൾ തന്നെ പൊലീസിനെ വിളിക്കുകയും ഈ രംഗം പകർത്തുകയും ചെയ്തു.ഡ്രൈവറുടെ ദേഹത്ത് നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. എന്നാൽ, എയർബാഗ് ഉണ്ടായിരുന്നത് രക്ഷയായിരുന്നു. എന്തായാലും, യുവതി വിളിച്ചയുടനെ തന്നെ എമർജൻസി സർവീസിൽ നിന്നും ആളുകൾ എത്തി. പെട്ടെന്ന് തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
അതിനുശേഷമാണ് യുവതിയും സുഹൃത്തും അടുത്തുള്ള നൂഡിൽസ് ഷോപ്പിലെത്തിയത്.
സംസാരത്തിനിടയിൽ കടയുടമ തന്റെ സ്ഥലം ഹെനാൻ പ്രവിശ്യയിലെ ഷൗക്കോ ആണെന്ന് സൂചിപ്പിച്ചു. അപ്പോഴാണ് യുവതി വാഹനാപകടത്തിൽ പരിക്കേറ്റവരും അവിടെയുള്ളവരാണെന്നു പറയുന്നത്. അവൾ തന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾളും കാണിച്ചു കൊടുത്തു. അപ്പോഴാണ് അത് തന്റെ മകന്റെ കാറാണെന്നും മകനാണ് അപകടത്തിൽ പെട്ടതെന്നും ഇയാൾക്ക് അറിയുന്നത്. യുവതിക്കും സുഹൃത്തിനും നന്ദി പറഞ്ഞു കൊണ്ട് അയാൾ വേഗം ആശുപത്രിയിലേക്കോടി.