എള്ളോളമല്ല എള്ളിന്റെ ഗുണം..!
കൃഷ്ണൻ രാംദാസ്
Friday, February 21, 2025 11:34 AM IST
എള്ളുണങ്ങുന്നത് എണ്ണയ്ക്കാണ്. നമ്മളുണങ്ങുന്നത് എള്ളില്ലാത്തതുകൊണ്ടും! ആയിരക്കണക്കിന് വർഷമായി പാരമ്പര്യരീതികളിൽ ഒരേസമയം ഭക്ഷണമായും മരുന്നായും ഉപയോഗിച്ചുവന്നിരുന്ന ഒരു സൂപ്പർ ഫുഡ് ആണ് എള്ള്. ചൈനീസ് ചികിത്സാ സമ്പ്രദായത്തിൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന കരൾരോഗങ്ങൾക്ക് കൺകണ്ട ഔഷധം.
സീസമിൻ ആണ് എള്ളിന്റെ സുപ്രധാന ഘടകം. കൊളസ്ട്രോളും രക്താതിസമ്മർദവും കുറയ്ക്കാനും, അർബുദം പ്രതിരോധിക്കാനും രോഗപ്രതിരോധസംവിധാനത്തെ സ്വാധീനിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നതു തടയാനുമൊക്കെ എള്ളിനു കഴിയും. മദ്യപാനവും പാരസെറ്റമോൾപോലുള്ള വേദനസംഹാരികളും വരുത്തിവയ്ക്കുന്ന കരളിന്റെ രോഗാവസ്ഥകളിലും സീസമിൻ വളരെ പ്രയോജനകരമാണ്.
കരളിലെ ഓക്സീകരണം ഫലപ്രദമായി പ്രതിരോധിക്കാൻ എള്ളിനാവും എന്ന് ജപ്പാനിലും കൊറിയയിലും നടന്ന പരീക്ഷണങ്ങൾ പറയുന്നു. കോപ്പർ, കാൽസ്യം, മഗ്നീഷ്യം, മാൻഗനീസ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ ബി 1 എന്നിവയും എള്ളിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യവും സിങ്കും 300 ൽപ്പരം ജൈവരാസപ്രക്രിയകളുടെ ത്വരകങ്ങളാണ്. രോഗപ്രതിരോധത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മഗ്നീഷ്യവും സിങ്കും ഒഴിവാക്കാനാവില്ല.
ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നത് ‘റിഫൈൻഡ് എള്ളെണ്ണ’ ആണ്'. അതെന്താണെന്ന് അറിയാവുന്നവർ വിരളം. ആ എണ്ണ, വിളക്ക് കത്തിക്കാൻ ഉപയോഗിച്ചാൽ ഈശ്വരകോപം കൂടി ഏൽക്കേണ്ടിവരും. ഇത്തരം എണ്ണകൾ ഉള്ളിൽ കഴിച്ചാൽ കാലാന്തരത്തിൽ കരളും കത്തും.
എള്ളിന്റെ ഗുണങ്ങൾ ലഭിക്കാൻ നല്ല എള്ള് തിന്നുക. എള്ള് ആട്ടുന്ന സ്ഥലങ്ങളിൽനിന്നു വാങ്ങിയാൽ 650-700 രൂപയ്ക്ക് നല്ല എള്ളെണ്ണ കിട്ടാം. അത് ഇരുണ്ടിരിക്കും. ചെറിയ കയ്പും ഉണ്ടാകും. അത് വാങ്ങി അൽപ്പം സേവിക്കുക.
പണ്ട് നമ്മൾ എള്ളെണ്ണ പുരട്ടി തട്ടിൽ ചുട്ടെടുത്ത കുട്ടിദോശയും അതിന്റെ കൂടെ എള്ളെണ്ണയിൽ ചാലിച്ച ചട്ണിപ്പൊടിയും കഴിച്ചിരുന്നത് എന്തിനായിരുന്നെന്ന് ഏകദേശം ഊഹിക്കാമല്ലോ. നല്ല എള്ളും എള്ളെണ്ണയും ശീലമാക്കിയാൽ നമുക്ക് നല്ലത്. മായം ചേർത്ത വെളിച്ചെണ്ണപോലുള്ള മാർക്കറ്റ് എണ്ണകളാണു ശീലമാക്കുന്നതെങ്കിൽ ആശുപത്രിക്കാർക്ക് നല്ലത്!