ശിക്ഷ കഴിഞ്ഞിട്ടു മതി ഭാവി!
മുരളി തുമ്മാരുകുടി
Thursday, February 20, 2025 10:01 AM IST
കോട്ടയത്ത് റാഗിംഗ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മുഖം ഒന്ന് ഓർത്തുവച്ചേക്കാം. എപ്പോഴാണ് ഇവരുടെയൊക്കെ മുന്നിൽ സേവിക്കപ്പെടാൻ എത്തിപ്പെടുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ. ഇന്ന് മുറിവിൽ ലോഷൻ പുരട്ടുന്നവർ അന്നെന്താണ് ചെയ്യാൻ പോകുന്നതെന്നും പറയാൻ വയ്യ.
കോട്ടയത്തെ ഗവ. നഴ്സിംഗ് കോളജിൽ സീനിയർ വിദ്യാർഥികൾ നടത്തിയ റാഗിംഗിന്റെ വീഡിയോ പുറത്തു വന്നു. വിദ്യാര്‍ഥി വേദനകൊണ്ട് കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്കുന്നതു ദൃശ്യങ്ങളില്‍ കാണാം. വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാന്‍ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാർഥിയുടെ വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത്.
"മതി ഏട്ടാ വേദനിക്കുന്നു' എന്ന് ജൂണിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. കാണാനുള്ള കരുത്തില്ലാത്തതിനാൽ ഈ ക്രൂരതകൾ വായിച്ചതേ ഉള്ളൂ, കണ്ടില്ല.
ഇതേ കോട്ടയത്താണ് മുന്‍പ് ഒരു നഴ്സിംഗ് കോളജിൽ റാഗിംഗിന്റെ പേരിൽ ഒരു വിദ്യാർഥിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ആ കേസിലെ പ്രതികൾ ഇപ്പോൾ എവിടെയാണോ എന്തോ? എന്തായാലും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരിടത്തും കുട്ടികൾ ഒരു പാഠവും പഠിക്കുന്നില്ല എന്നതു വ്യക്തം.
മാസങ്ങളായി റാഗിംഗ് നടന്നിട്ടും അധ്യാപകർ എന്താണ് ഒന്നും അറിയാതിരുന്നത്? അധ്യാപകരും ഒന്നും പഠിക്കുന്നില്ല. റാഗിംഗ് കുട്ടികളെ മാനസികമായി തകർക്കുന്ന, ആത്മഹത്യയിലേക്കു തള്ളിവിടുന്ന, ഒരു കുറ്റകൃത്യമാണ്. അത് അനുവദിക്കരുത്.
എന്നെ നടുക്കുന്നത് ഇതല്ല. ഇപ്പോൾ സമൂഹത്തിന് പ്രതികളോടു കുറച്ച് ദേഷ്യമുണ്ട്. കുറച്ചുദിവസം അവർ ജയിലിൽ കിടക്കുകയും കോളജിൽനിന്നു സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്യും. എന്നാൽ, ഒരു വർഷത്തിനകം ‘കുട്ടികളുടെ ഭാവി’ പ്രധാന വിഷയമാകും. ഇവരൊക്കെ തിരിച്ചു കോളജിൽ എത്താനാണ് കൂടുതൽ സാധ്യത.
ഈവിധം തിരിച്ചെത്തുന്നവർ കോളജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലും അതിശയിക്കാനില്ല. കാരണം, ഒന്നാമത് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കുന്നില്ലല്ലോ. പണവും ബന്ധുബലവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം എന്ന പാഠം മാത്രമേ അവരും അവരിലൂടെ ഇനിയും ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളവരും പഠിക്കുന്നുള്ളൂ.
കുറ്റകൃത്യത്തിന് ഇരയായവർ ജീവിതകാലം മുഴുവൻ ഈ സംഭവത്തിന്റെ ട്രോമയുമായി ജീവിക്കേണ്ടി വരും. അവരുടെ നഷ്ടത്തിന് ആരും ഉത്തരവാദികൾ ഇല്ല. അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഃഖത്തിന് ആരും വിലനൽകുന്നില്ല.
വാസ്തവത്തിൽ നിയമപരമായി ഈ ക്രിമിനലുകൾ കുട്ടികളൊന്നുമല്ല. പതിനെട്ട് കഴിഞ്ഞവരാണ്. അവർ ചെയ്യുന്നത് അവരുടെ പഠനവുമായി ബന്ധമുള്ള ഒന്നല്ല, ഒരു വയലന്റ് ക്രൈം ആണ്. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്. അത് കഴിഞ്ഞിട്ടു മതി ഭാവി. അങ്ങനെ ആകുമ്പോൾ മാത്രമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുക.