“പ്രോഗ്രാം അത്ര നന്നായില്ല അല്ലെ...”
ജി. സാജൻ (ദൂരദർശൻ മുൻ പ്രോഗ്രാംസ് മേധാവി)
Tuesday, January 14, 2025 2:46 PM IST
നാല്പത് വർഷം മുൻപ് 1985 ജനുവരി മൂന്നിനായിരുന്നു ലോകത്തെ ആദ്യത്തെ മലയാളത്തിലുള്ള കൃഷി ഡോക്യുമെന്ററിയുടെ ജനനം. അതിന്റെ കർത്താവാണ് ഇതെഴുതുന്നത്. ടെലിവിഷൻ എന്നാൽ മോരോ മുതിരയോ എന്നറിയാത്ത ഒരു കാർഷിക ബിരുദധാരി മാത്രമായിരുന്നു അന്നു ഞാൻ.
പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നു ട്രെയിനിംഗ് കഴിഞ്ഞ് 1984 സെപ്റ്റംബറിൽ തിരുവനന്തപുരത്ത് എത്തുന്പോൾ ദൂരദർശൻ കെട്ടിടത്തിന്റെ പണിപോലും കഴിഞ്ഞിരുന്നില്ല. ഡയറക്ടർ ആയ കുഞ്ഞികൃഷ്ണൻ സാർ എത്തിയിട്ടുമില്ല. അതിനിടയിൽ പെട്ടെന്നാണ് 1985 ജനുവരി ഒന്നിന് തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ആരംഭിക്കണമെന്ന അറിയിപ്പ് കിട്ടുന്നത്. കാർഷിക പരിപാടികളൂം മറ്റുചില ഇൻഫോർമേറ്റീവ് പരിപാടികളുമാണ് ഞാൻ ചെയ്യേണ്ടത്.
ജനുവരി മൂന്നിനാണ് ആദ്യത്തെ കാർഷിക പരിപാടിയായ നാട്ടിൻപുറത്തിന്റെ സംപ്രേഷണം. 12 മിനിറ്റാണ് ദൈർഘ്യം. എന്ത് പരിപാടി ഉണ്ടാക്കും? യാതൊരു ഐഡിയയും കിട്ടുന്നില്ല. എന്തായാലും ഒരു കാമറാമാനുമായി പുറത്തിറങ്ങി തൊട്ടടുത്തുള്ള ഒരു കർഷകന്റെ പുരയിടത്തിൽ നിന്ന് ചില ദൃശ്യങ്ങൾ പകർത്തി തിരിച്ചുവന്ന് വൈലോപ്പിള്ളി കവിതയും ഇടശേരിയും സന്നിവേശിപ്പിച്ച് സാഹിത്യം കുത്തിനിറച്ച ഒരു സ്ക്രിപ്റ്റുണ്ടാക്കി പന്ത്രണ്ട് മിനിറ്റിന്റെ ഒരു ദൃശ്യരൂപം സൃഷ്ടിച്ചു.
ആറരയ്ക്കാണ് സംപ്രേഷണ സമയം. മദ്രാസിൽനിന്ന് താൽകാലികമായി വന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഒബി വാനിലാണ് പ്രൊഡക്ഷൻ കൺട്രോൾ റൂം. അവിടെയിരുന്നാണ് സംപ്രേഷണം നിയന്ത്രിക്കേണ്ടത്. കൃത്യം ആറരയ്ക്ക് സ്റ്റുഡിയോയിൽനിന്ന് രഞ്ജിത്ത് രചിച്ച നാട്ടിൻപുറം ക്യാപ്ഷൻ ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തു. നന്മ നിറഞ്ഞ എന്തോ ഒരു ടൈറ്റിലും കൊടുത്തു.
ഇനി പരിപാടി റോൾ ചെയ്യണം. ഞാൻ നിർദേശം നൽകി. ഒന്നും സംഭവിക്കുന്നില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാപ്ഷൻ ഒരു മിനിറ്റായി ചലനമില്ലാതെ ലൈവായി സംപ്രേഷണം നടക്കുകയാണ്. മെയിൻ കൺട്രോൾ റൂമിലേക്കു വിളിക്കൂ. ആരോ നിർദേശിച്ചു. ഫോൺ വർക്ക് ചെയ്യുന്നില്ല. മുകളിലെ നിലയിലാണ് മെയിൻ കൺട്രോൾ റൂം. പരിഭ്രാന്തനായ ടെക്നിക്കൽ ഡയറക്ടർ ഒബി വാനിൽനിന്ന് പുറത്തിറങ്ങി നീണ്ട ഇടനാഴിയിലൂടെ സഞ്ചരിച്ച് സ്റ്റെയർകേസ് കയറി. അവിടെ എത്താൻ കുറച്ച് സമയമെടുക്കും. സംപ്രേഷണത്തിൽ ഇപ്പോഴും നാട്ടിൻപുറം ക്യാപ്ഷൻ മാത്രമേ ഉള്ളു.
സംപ്രേഷണത്തിൽ തടസം നേരിട്ടാൽ കൊടുക്കാൻ പലതരം പൂക്കളുടെ ഫോട്ടോ സ്റ്റുഡിയോയിലുണ്ട്. അവ സംപ്രേഷണം ചെയ്തു. കൂടെ ഷെഹനായി സംഗീതവും നൽകി. സമയം ആറ് പന്ത്രണ്ട്. പരിപാടിയുടെ സമയം കഴിഞ്ഞു. നാട്ടിൻപുറം ഇനി അടുത്തയാഴ്ച ഇതേ സമയം എന്ന ക്യാപ്ഷൻ നൽകി അടുത്ത പരിപാടിയിലേക്ക് കടന്നു. ഞാൻ ഹതാശനായി പുറത്തിറങ്ങി.
ഞാൻ കൊടുത്ത ടേപ്പ് എങ്ങനെയോ യന്ത്രത്തിൽ കുരുങ്ങിയതാണ് പ്രശ്നമെന്ന് പിന്നീടാണ് അറിഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് കാർഷിക കോളജിലെ പ്രിയങ്കരനായ ഒരു അധ്യാപകനെ വഴിയിൽ വച്ച് കണ്ടു. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമാണ്. എന്നിൽ വലിയ പ്രതീക്ഷയുമാണ്.
മൃദുസ്വരത്തിൽ അദ്ദേഹം പറഞ്ഞു “ആദ്യത്തെ നാട്ടിൻപുറം പരിപാടി കണ്ടു”. അല്പം നിർത്തി കുറച്ചുകൂടി ശബ്ദം താഴ്ത്തി അദ്ദേഹം ചോദിച്ചു: “അത്ര നന്നായില്ല അല്ലേ” ഇതാണ് ലോക ടെലിവിഷൻ ചരിത്രത്തിലെ ആദ്യത്തെ മലയാള കാർഷിക ഡോക്യുമെന്ററിയുടെ കഥ!