സുരക്ഷിതയാത്രയ്ക്ക് ഓർത്തുവയ്ക്കാം...
(കേരള മോട്ടോർ വാഹന വകുപ്പ്)
Monday, January 13, 2025 1:20 PM IST
ഗ്ലാസ് ബ്രേക്കർ
വാഹനം അപകടത്തിൽപ്പെടുകയോ തീപിടിക്കുകയോ വെള്ളത്തിൽ മുങ്ങുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വാഹനത്തിനുള്ളിലുള്ളവർക്കു വേഗത്തിൽ രക്ഷപ്പെടേണ്ടതുണ്ട്. മിക്കപ്പോഴും ഈ അവസരത്തിൽ വാഹനത്തിന്റെ വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കും. സീറ്റ് ബെൽറ്റും ജാമായേക്കാം. ഇത് മുൻകൂട്ടി കണ്ട് ചില ഉപകരണങ്ങൾ വാഹനത്തിൽ സൂക്ഷിക്കണം.
കാർ വിൻഡോ ഗ്ലാസ് ബ്രേക്കർ, സീറ്റ് ബെൽറ്റ് കട്ടർ എന്നിവ ഉപയോഗിച്ച് വാഹനത്തിനുള്ളിൽനിന്നു ഗ്ലാസ് പെട്ടെന്ന് തകർക്കാനും സീറ്റ് ബെൽറ്റ് മുറിക്കാനും കഴിയും. അത്യാഹിതസാഹചര്യങ്ങളിൽ ഈവിധം വാഹനത്തിനുള്ളിൽനിന്നു വേഗത്തിൽ രക്ഷപ്പെടാം. വാഹനത്തിൽ എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഇവയ്ക്ക് 500 രൂപയിൽ താഴെയെ വില വരൂ. ബോഡി കോഡ് പ്രകാരം ബസുകളിൽ ഗ്ലാസ് ബ്രേക്കർ നിർബന്ധമാണ്.
ഇൻഷ്വറൻസ്
ഇൻഷ്വർ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത്. വാഹന പരിശോധനകളിൽ ഇൻഷ്വറൻസ് ഇല്ലെന്ന് കണ്ടാൽ പിഴ അടയ്ക്കേണ്ടിവരും. ഈ പിഴ അടയ്ക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം മൂലമുണ്ടാകുന്ന അപകടങ്ങൾ സാമ്പത്തിക അടിത്തറത്തന്നെ തകർത്ത് നിങ്ങളെ തെരുവിലേക്ക് ഇറക്കാം.
അലങ്കാരങ്ങൾ
റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും രജിസ്ട്രേഷൻ നമ്പറുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ച് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. വാഹനങ്ങളിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന തടികളും പൈപ്പുകളും മറ്റുമായുള്ള യാത്രയും അനുവദനീയമല്ല.
ഉറക്കം വന്നാൽ
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും. കാരണം, ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. വാഹനം നിർത്താനുള്ള ശ്രമംപോലും ഉണ്ടാവില്ല.
ദിവസം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിക്കുകയും തുടർന്നു രാത്രി മുഴുവൻ ഉറക്കമിളക്കുകയും ചെയ്തിട്ട് വീണ്ടും പകൽ ഡ്രൈവിംഗ് വീലിന് പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവന് ഭീഷണിയാകുന്ന പ്രവർത്തിയാണ് അതെന്ന്.
ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം.