വിലപ്പെട്ട സമയം ചാറ്റിംഗ് നടത്തി കളയണോ..?
Saturday, January 11, 2025 12:59 PM IST
വ്യാജ ഐഡിയിലൂടെ ബന്ധം സ്ഥാപിച്ചുള്ള ചതിക്കലുകളടക്കം സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് ഒരുപാട് കേട്ടിട്ടും പലരും അതിൽ വീണുപോകുന്നു. എന്താണിതിനു കാരണമെന്ന് ആലോചിച്ചിട്ടുണ്ടോ? സൗഹൃദങ്ങളോടുള്ള അഭിനിവേശമാണു പ്രധാനകാരണം. അപ്പുറത്തുള്ള ഐഡി ആണാണോ, പെണ്ണാണോ എന്നുപോലുമറിയാതെ മുഖം കണ്ട് ആളുകളെ വിലയിരുത്തി ഇഷ്ടപ്പെടുന്നു.
സ്വന്തം വിഷമങ്ങൾ പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയ സൗഹൃദം ഉപയോഗിക്കുന്നവരുണ്ട്. തമ്മിൽ പരിചയമില്ലാത്ത ആളുകളോടു സംസാരിച്ചാൽ പ്രത്യേകിച്ച് കുഴപ്പമില്ല എന്നു കരുതിയാവും അങ്ങനെ ചെയ്യുന്നത്. ഇഷ്ടമുള്ള വിഷയങ്ങളിൽ തുടങ്ങുന്ന സംസാരം ഒരേ ചിന്താരീതി, താത്പര്യങ്ങൾ ഇവയിലൂടെ കടന്ന് സൗഹൃദത്തിന്റെ വല്ലാത്തൊരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. പലപ്പോഴും സ്ത്രീകളാണ് ഇതിൽ വീണുപോകുന്നത്. ഇവരുടെ സങ്കടം കേൾക്കാൻ തയാറായി നിൽക്കുന്ന ചില പുരുഷസുഹൃത്തുക്കളും ഇല്ലാതില്ല.
എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിലെ സുഹൃത്തുകളുടെ എണ്ണം കൂട്ടണമെന്നാണു മിക്കവരുടെയും ആഗ്രഹം. എന്നാൽ ഈ വിധം ലഭിക്കുന്നവരിൽ എത്രപേരുണ്ട് യഥാർഥ കൂട്ടുകാർ എന്ന് ആരും തിരക്കാറില്ല. ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ യാതൊന്നും നോക്കാതെ കണ്ണിൽകാണുന്നവരെയൊക്കെ കൂട്ടുകാരാക്കുന്നവരുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളുടെ റിക്വസ്റ്റ് കാണുമ്പോൾ പുരുഷന്മാർ. ഇതിൽ പലതും വ്യാജ ഐഡി പോലുമാകും.
നേരിട്ടു കാണാതെയുള്ള സോഷ്യൽ മീഡിയ സൗഹൃദങ്ങൾക്ക് പൊതുവേ വലിയ ആത്മാർഥത കാണില്ല. ഇവർ ഒരിക്കലും പൂർണമായും അവരുടെ ശരിയായ വ്യക്തിത്വം പുറത്ത് കാണിക്കുകയുമില്ല. നേരിൽ കാണാതെ വളരെ കുറച്ചു സമയം മാത്രം സംസാരിക്കുന്ന വ്യക്തിയോട് ആർക്ക് എന്ത് ആത്മാർഥത കാണാനാണ്. സത്യത്തിൽ ഇത്തരം സൗഹൃദങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നവർ എത്ര മണ്ടന്മാരാണ്. ദിവസം മുഴുവൻ സോഷ്യൽ മീഡിയയിൽ പായും തലയിണയും ഇട്ടിരിക്കുന്നവരോട് പുച്ഛം മാത്രം.
സോഷ്യൽ മീഡിയ ആകപ്പാടെ മോശമാണെന്ന് ഇതിൽനിന്ന് അർഥമാക്കേണ്ടതില്ല. എത്രയോ ഗുണങ്ങൾ അതിനുണ്ട്. ആളുകളുടെ മനോഭാവമാണു മാറേണ്ടത്. അതിന്റെ നല്ലവശങ്ങൾ തിരിച്ചറിയുക. ആരെങ്കിലും ആവശ്യമില്ലാതെ തുടരെ മെസേജ് അയയ്ക്കുന്നുവെങ്കിൽ ബ്ലോക്ക് ഇടുക. മെസഞ്ചർ വഴി വാട്സാപ്പ് നമ്പർ കൊടുക്കാതിരിക്കുക. നിങ്ങളുടെ പ്രൈവസി നിങ്ങൾക്ക് സ്വന്തം. എന്തിനാണ് സ്വന്തം കുടുംബവുമായി കഴിയേണ്ട വിലപ്പെട്ട സമയം ഇത്തരം ചാറ്റിംഗ് വഴി കളയുന്നത്.