റോഡ് മോശമായാലും നന്നായാലും അപകടം..!
Saturday, December 21, 2024 1:11 PM IST
റോഡുകളുടെ സ്ഥിതി മോശമാവുമ്പോൾ അതുമൂലവും റോഡുകൾ മെച്ചപ്പെടുമ്പോൾ അമിതവേഗ പ്രവണത മൂലവും അപകടമുണ്ടാവുന്നു എന്നതാണ് കേരളത്തിലെ ഒരു പ്രത്യേകത. വിവിധതലങ്ങളിൽ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനാപകടങ്ങളെ തുടർന്നുണ്ടാകുന്ന മരണങ്ങളും ഗുരുതരങ്ങളായ ശാരീരിക പരിക്കുകളും കുറയുന്നില്ല.
ട്രാഫിക് നിയമലംഘനം, അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, വാഹനങ്ങളുടെ തകരാർ തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ് വാഹനാപകടം ഉണ്ടാവുന്നത്. പരിക്കു പറ്റിയവർക്ക് അപകടസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുന്നതിലും ആദ്യത്തെ ഒരുമണിക്കൂറിനുള്ളിൽ ചികിത്സാസൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കുന്നതിലും വീഴ്ച സംഭവിക്കുന്നതുകൊണ്ടാണ് അപകടമരണങ്ങൾ ഉയർന്നുതന്നെ നിൽക്കുന്നത്.
ഗുരുതരമായ പരിക്ക് പറ്റിയവർക്ക് അപകടസ്ഥലത്ത് വച്ചുതന്നെ അടിയന്തര പരിചരണം നൽകാനുള്ള സംവിധാനം ആംബുലൻസുകളിൽ ഒരുക്കണം. ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം നൽകണം. ശ്വാസതടസം നീക്കി ശ്വാസോച്ഛ്വാസം ക്രമാനുഗതമാക്കുക, ലായനികൾ ആവശ്യമെങ്കിൽ ഡ്രിപ്പ് നൽകുക തുടങ്ങിയ പ്രാഥമിക ചികിത്സകൾ വൈകാതെ നൽകിയാൽ നിരവധി ജീവനുകൾ രക്ഷപ്പെടുത്താം.
കഴുത്തിലെ കശേരുക്കൾക്ക് പരിക്ക് പറ്റിയാൽ പിന്നീട് കൈകാലുകൾ തളർന്നുപോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ അവശ്യമുള്ളവർക്ക് കോളറുകൾ ലഭ്യമാക്കണം. പരിക്ക് പറ്റിയവരെ ആംബുലൻസിലേക്ക് മാറ്റുന്നതിലും സൂക്ഷ്മത പാലിക്കണം.
ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായെങ്കിലും പുറകിലിരുന്നു യാത്രചെയ്യുന്നവർ ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല. ഇരുചക്രവാഹന അപകടങ്ങളിൽ തലയ്ക്ക് പരിക്കുപറ്റി മരണമടയുന്നവരിൽ കൂടുതലും പിൻഭാഗ യാത്രക്കാരാണ്. എല്ലാതരത്തിലുള്ള വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് ഇടയ്ക്കിടെ പരിശീലനം നൽകേണ്ടതുണ്ട്.
അപകടസാധ്യതയുള്ള പ്രധാനവീഥികൾക്കരികിലുള്ള ആശുപത്രികളിൽ അപകടചികിത്സയ്ക്കുള്ള ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കണം. എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾ തുടങ്ങണം. പരിക്ക് പറ്റിയവരെ പുനഃരധിവസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തണം.
ആരോഗ്യവകുപ്പും മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും പ്രഫഷണൽ സംഘടനകളും സ്വകാര്യ ആശുപത്രികളും ഏകോപിച്ചുള്ള പ്രവർത്തനം വേണം. വൻദുരന്തമുണ്ടാവുമ്പോൾ താത്കാലികമായി ചില നടപടികൾ സ്വീകരിക്കുകയും പിന്നീടെല്ലാം പഴയപടിയാവുകയും ചെയ്യുന്ന സ്ഥിരംരീതി അവസാനിപ്പിക്കണം.