കൂട്ടില്ലാതായാൽ മുത്തശന്മാർ തളരും..!
Thursday, December 12, 2024 1:03 PM IST
ഒരു സ്ത്രീക്ക് ഏത് ചുറ്റുപാടിലും ജീവിക്കാൻ സാധിക്കുമെന്നെനിക്ക് തോന്നിയിട്ടുണ്ട്. സഹനശക്തി അത്രത്തോളം അവർക്ക് ഈശ്വരൻ കനിഞ്ഞു നൽകിയിട്ടുണ്ട്. എന്നാൽ പുരുഷന്മാർ ഒരു പ്രായം കഴിഞ്ഞാൽ അവരുടെ ഭാര്യമാരെ വല്ലാതെ ആശ്രയിക്കുന്നു.
എന്റെ മുത്തശൻ ദിവസം 20 പ്രാവശ്യമെങ്കിലും മുത്തശിയെ വിളിക്കുമായിരുന്നു. മുത്തശിക്കു വയ്യാതായപ്പോൾ, കുഞ്ഞുങ്ങളെ നോക്കുംപോലെ മുത്തശൻ നോക്കുന്നതു കണ്ടിട്ടുണ്ട്. ഓർമക്കുറവുമൂലം മുത്തശി പലരെയും മറന്നു തുടങ്ങിയപ്പോൾ മുത്തശനെ മാത്രം ചേർത്ത് നിർത്തിയിരുന്നു. ഭക്ഷണം കഴിക്കാൻ മടിക്കുമ്പോൾ കഞ്ഞി കോരി കൊടുക്കുന്നതും ഹോർലിക്സ് ഇട്ട പാൽ കുടിപ്പിക്കുന്നതുമൊക്കെ കാണേണ്ടതായിരുന്നു.
ഇടയ്ക്ക് താൻ മരിച്ചുപോകുമെന്നും മുത്തശൻ ഒറ്റയ്ക്കാകുമെന്നും മുത്തശി ഭയന്നിരുന്നു. എന്നാൽ, ഒരുദിവസം എന്റെ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുത്തശൻ പെട്ടെന്നു താഴേക്കു വീണു. അപ്പോൾത്തന്നെ ആൾ പോവുകയും ചെയ്തു.
മുത്തശിക്ക് അതൊട്ടും ഉൾക്കൊള്ളാനായില്ല. മുത്തശന്റെ മുറിയിലൊക്കെ കയറിയിറങ്ങി നടന്ന് അവിടമെല്ലാം വൃത്തിയാക്കി തൈലക്കുപ്പി, കുഴമ്പുകുപ്പി, കണ്ണട... എല്ലാം തൂത്തുതുടച്ച് വയ്ക്കുമായിരുന്നു മുത്തശി. മുത്തശൻ കല്യാണം കഴിക്കാൻ വന്ന കഥകളടക്കം ഓരോന്ന് ഓർത്തെടുത്ത് കുറച്ചുനാൾ കൂടി ജീവിച്ചു മുത്തശി.