പിടക്കോഴിയുടെ വിധി..!
എസ്. ജോസഫ് (കവി)
Wednesday, December 11, 2024 11:47 AM IST
ഇന്നത്തെ പുതിയ എഴുത്തുകാരുടേത് പിടക്കോഴിയുടെ വിധിയാണ്. മുട്ടയിട്ടുകഴിഞ്ഞാൽ പിടക്കോഴികൾ അക്കാര്യം വിളിച്ചു കൂവും. അതു മാതിരിയാണു ഫേസ്ബുക്കിൽ നമ്മളെല്ലാം. മാസികയിൽ നമ്മുടെ ഒരു കവിത വന്നാൽ എന്റെ കവിത വന്നേ എന്നു നമ്മൾതന്നെ വിളിച്ചു പറയുന്നു. ഇംഗ്ലീഷിൽ എങ്ങാനും വിവർത്തനം ചെയ്തുവന്നാൽ ഒച്ചകൂടും. നമ്മൾ എവിടെയെങ്കിലും പോയാൽ ആ വിവരവും തെളിവുസഹിതം വിളിച്ചു പറയും.
പുസ്തകങ്ങളുടെ പ്രളയമാണിപ്പോൾ. ഇക്കണ്ട പുസ്തകങ്ങൾ വാങ്ങാൻ പണമെവിടെ? ആരാണ് ഇന്നത്തെ പുസ്തകങ്ങൾ വാങ്ങി വായിക്കുന്നവർ? അത്ര പണമുള്ളവർ ആരാണ്? വാങ്ങിയാൽത്തന്നെ ടിവി കാണൽ, ഫോൺ വിളി, സിനിമാ കാണൽ, ശൃംഗാരം, അശന ശയനങ്ങൾ എല്ലാംകഴിഞ്ഞ് വായിക്കാൻ നേരം കിട്ടുന്നുണ്ടോ?
ഞാൻ വായിക്കാത്ത എത്രയോ ഇംഗ്ലീഷ് പുസ്തകങ്ങൾ എന്റെ അലമാരയിൽ ഇരിക്കുന്നു. ലോകോത്തരമായവ. ആദ്യത്തെ പത്തുപേജ് കടക്കാൻ പറ്റാത്തതിനാൽ ഞാൻ വായിച്ചു തീർക്കാത്ത കുറെ മലയാള പുസ്തകങ്ങളും ഉണ്ട് (എന്റെ കുറവും ഉണ്ടാകാം). വാക്കുകളുടെയെല്ലാം അർഥമറിയാം. എന്നിട്ടും മനസിലാകുന്നില്ല. ഒരു സ്കോപ്പുമില്ലാത്ത കവിതപ്പുസ്തകങ്ങൾ നിരവധിയുണ്ട്.
എഡിറ്റേഴ്സിന്റെ തെരഞ്ഞെടുപ്പും ഷാർപ്പ് എഡിറ്റിംഗും ഒരു കാലത്ത് കൃതികളെ മൂല്യവത്താക്കി. പുതിയ കാലത്തെ പ്രസിദ്ധീകരണ സാധ്യതകൾ മൂലം സാഹിത്യം എഡിറ്ററെ ഒഴിഞ്ഞുപോകുന്നു. നിരൂപകർ എഴുത്തുകാരെ പുകഴ്ത്തി ജീവിക്കുന്നു. വിമർശകർ സൈബീരിയയിൽ തണുപ്പടിച്ച് ചാകുകയാണ്.
സൃഷ്ടികൾ എല്ലാം ഫാക്ടറി പ്രോഡക്ട് പോലെ ഒരേ രൂപം കൈക്കൊള്ളുന്നു. സാധ്യതകളുടെ ലോകം സത്യത്തിൽ പരിമിതികളുടെ ലോകമാകുന്നു. ഗംഭീര കവിതകൾ എഴുതി പ്രശസ്തരായ വലിയ കവികൾ എഴുതുന്നതൊന്നും ഏശുന്നില്ല. ഇതുമൂലം ചില കവികൾ നിശബ്ദതയിലേക്കോ ചില കവികൾ നോവൽ രചനയിലേക്കോ പോകുന്നു. ഏതെങ്കിലും തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കാതെ പുസ്തകങ്ങൾക്കു രക്ഷയില്ല.
എഴുത്തുകാർ വായനക്കാർക്കു വേണ്ടി എഴുതുന്നു. അവർ വായനക്കാരുടെ അടിമകളാകുന്നു. സാഹിത്യം അങ്ങനെ അന്നന്നത്തെ ജീവിതം കഴിച്ചുകൂട്ടുന്നു. നോവലുകൾ രൂപത്തെ പരിഗണിക്കുന്നില്ല. എല്ലാ നോവലിസ്റ്റുകളും ഒരു നോവൽ സ്വേച്ഛയാ എഴുതും. പിന്നെ അവരെക്കൊണ്ട് വിപണി എഴുതിക്കും. പുതുകവിതയുടെ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ കൂടുതലൊന്നും എഴുതുന്നില്ല. കുറച്ചാളുകൾ വായിച്ചേക്കാം എന്നുകരുതി കുറേക്കാലം കൂടി എന്തെങ്കിലും എഴുതും. അത്രമാത്രം.