"ഇതങ്ങെടുത്തു കളഞ്ഞൂടാരുന്നോ...’
വിനീത ശേഖർ
Saturday, December 7, 2024 12:37 PM IST
കുറച്ചുനാളായി വല്ലാത്തൊരു പല്ലുവേദന തുടങ്ങിയിട്ട്. മര്യാദക്കൊന്നും കഴിക്കാൻ വയ്യ. ഡോക്ടറെ ഒന്ന് കണ്ടാലോ എന്നു തോന്നിത്തുടങ്ങിയത് അങ്ങനെയാണ്. ഇടതുവശത്തു മുകൾനിരയിൽ അങ്ങേയറ്റത്തുള്ള പല്ലിനാണ് വിളച്ചിൽ. എന്തു സാധനം കഴിച്ചാലും അങ്ങോട്ടേക്കൊരു യാത്രയാണ്. അവിടെപോയിരുന്നു വിശ്രമം.
അപ്പോയ്മെന്റ് എടുത്തു. കെട്ടിയോനേം കുത്തിപ്പൊക്കി നേരേ ഹോസ്പിറ്റലിലേക്ക്. വല്ല പോടോ മറ്റോ ആണേൽ അടച്ചിട്ട് എടിപിടീന്ന് തിരിച്ചു വരാലോ.
ഭാഗ്യത്തിന് ഡോക്ടർ ഒരു മലയാളി. അതും ലേഡി ഡോക്ടർ. നീണ്ടു നിവർന്നു കട്ടിലിൽ കിടന്നു. വായ പരമാവധി 360 ഡിഗ്രിയിൽ തുറന്നു കൊടുത്തു. മേൽനിരയിലെ അങ്ങേയറ്റത്തുള്ള വിസ്ഡം ടൂത്താണു പ്രശ്നം. അതെടുത്തു കളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
"ഇതങ്ങെടുത്തു കളഞ്ഞൂടാരുന്നോ...’ എന്ന് ചോദിച്ച് പ്രസ്തുത പല്ലിനെക്കുറിച്ച് ഡോക്ടർ എന്റെ കെട്ടിയോനു ക്ലാസെടുക്കാൻ തുടങ്ങി. എന്ത് കുന്ത്രാണ്ടം മനസിലായിട്ടാണോ എന്തോ ഒക്കെ തലയാട്ടി കേൾക്കുന്ന കെട്ടിയോനെ കണ്ടിട്ട് ആ കിടപ്പിലും എനിക്ക് ചിരിപൊട്ടി.
"ആയിക്കോട്ടെ. ഒരു പല്ലല്ലേ പോട്ടെ.. "എന്ന് കെട്ടിയോനും...കുഞ്ഞിലേ എന്റെ പല്ല് പറിക്കാൻ മുത്തശി കുറെ പാടുപെട്ടതു ഞാനോർത്തു. ആടിയാടി മോണയിൽനിന്നു വിട്ടുവന്നാലും ആരേം തൊടാൻ സമ്മതിക്കൂല. വീടിനു ചുറ്റും മൂന്നു റൗണ്ട് ഓടും. അതന്തക്കാലം. ഇപ്പോൾ എനിക്ക് ഭയങ്കര ധൈര്യമാ.
ഡോക്ടർ മരവിപ്പിക്കാൻ സൂചി എടുത്തപ്പോൾ കെട്ടിയോൻ പറഞ്ഞു: ‘ഒരു മിനിറ്റ്, ഞാൻ പുറത്ത് നിൽക്കാം...’ എന്തൊരു ധൈര്യം..!
ആൾ പുറത്തിറങ്ങിയതും നഴ്സിന്റെ കമന്റ്. "ഈ ചേട്ടനെ ലേബർ റൂമിൽ കയറ്റണമാരുന്നു...’ ഞാൻ ചിരി അടക്കുന്നതിനിടെ ഡോക്ടർ സ്ക്രൂ പോലെയുള്ള സാധനംകൊണ്ട് പല്ലിലിട്ട് ഒരു തിരിക്കൽ. വായിൽനിന്ന് എന്തോ ഊരിപ്പോകുന്നപോലെ എനിക്കു തോന്നി. എന്നാൽ, വേദനയൊന്നും തോന്നിയതുമില്ല. പല്ല് എടുക്കുന്നതിന് മുൻപുള്ള എന്തോ പരിപാടിയാണെന്നാണ് എനിക്ക് തോന്നിയത്.. "പല്ലു പറിക്കുന്നില്ലേ...’ എന്ന് ഞാൻ ചോദിച്ചപ്പോൾ ദാ എടുത്തല്ലോ എന്നു പറഞ്ഞവർ കാണിച്ചു തന്നു.
നല്ല നീളമുള്ള ഒരെണ്ണം. വില്ലനെ പോലെ അവനങ്ങനെ ഞെളിഞ്ഞുനിൽക്കുന്നു.. റൂമിന് പുറത്തിറങ്ങി കെട്ടിയോനെ നോക്കി വിജയശ്രീലാളിതയായി മൊഴിഞ്ഞു: ‘വാ.. പോകാം’.
‘ഇത്ര പെട്ടെന്ന് കഴിഞ്ഞോ...?’ കെട്ടിയോന്റെ ചോദ്യം. പിന്നില്ലേ, ഞാനാരാ മോൾ...’ മൊബൈലിൽ വിസ്ഡം ടൂത്ത് സേർച്ച് ചെയ്യുന്ന കെട്ടിയോനെ നോക്കി ഞാൻ കണ്ണിറുക്കി. ഹാവൂ.. സമാധാനം.. നാളുകളായുള്ള വേദനയ്ക്ക് ആശ്വാസം കിട്ടിയല്ലോ. പോകുന്ന വഴിക്ക് ഐസ് ക്രീമും കിട്ടും. ഡോക്ടർ പറഞ്ഞിട്ടുണ്ടേ... ഇഷ്ടം പോലെ ഐസ് ക്രീം കഴിച്ചോളാൻ..!