വാളൻപുളിയെ പടിയിറക്കിയ തക്കാളി!
കൃഷ്ണൻ രാംദാസ്
Thursday, November 21, 2024 12:23 PM IST
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരോടൊപ്പം കടൽകടന്നുവന്നവനാണു തക്കാളി. ഭാരതീയ ഭക്ഷണങ്ങളിൽ ഇവൻ സർവസാധാരണമായിട്ട് 200 വർഷങ്ങളേ ആയിട്ടുള്ളൂ. പച്ചക്കറിക്കടയിൽ സുലഭമായതുകൊണ്ടും പഴക്കടകളിൽ ലഭിക്കാറില്ലാത്തതുകൊണ്ടും പച്ചക്കറിയായിപ്പോയ പഴം!
വിദേശിയായതുകൊണ്ട് പേരും പെരുമയും ഗമയും ഗരിമയുമൊക്കെയുണ്ട് തക്കാളിപ്പഴത്തിന്. വിറ്റാമിനുകൾ (എ, സി, കെ, ബി9) ധാതുമൂലകങ്ങൾ (പൊട്ടാസ്യം, മാംഗനീസ്, കോപ്പർ), നിരോക്സീകാരികൾ (ലൈകോപീൻ)... അങ്ങനെ പലപല ഗുണങ്ങൾ തക്കാളി പ്രദാനം ചെയ്യുമെന്നാണു വിലയിരുത്തൽ.
തക്കാളി പാചകത്തിന് ഉപയോഗിച്ചുവരുന്നത് പ്രധാനമായും പുളി രസം കിട്ടാനാണ്. കൃത്രിമവും അല്ലാത്തതുമായ ഫുഡ് കളറുകൾ കലർന്ന ടൊമാറ്റോ സോസ് പുതുതലമുറഭക്ഷണങ്ങളുടെ ഭാഗമായതിനാൽ അത് ഇടയ്ക്കിടെ കഴിക്കാത്തവർ വിരളമായിരിക്കുന്നു.
കൈയിൽ അഴുക്കാക്കാത്ത സുന്ദരനായ തക്കാളിപ്പഴം വന്നുകയറിശേഷം അടുക്കളകളിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത്, പച്ചയ്ക്ക് പറഞ്ഞാൽ ഇറക്കി വിട്ടത് ഇന്ത്യയിൽ ക്രിസ്തുവിനും 2,000 വർഷം മുൻപുമുതൽ ഉപയോഗിച്ചു വന്നിരുന്ന നമ്മുടെ വാളൻ പുളിയെയാണ്. പോഷകങ്ങളുടെ കാര്യത്തിൽ വിദേശിയായ തക്കാളിയേക്കാൾ എത്രയോപടികൾ മുന്നിലാണ് തനിനാടൻ വാളൻപുളി.
വാളൻ പുളിയിലെ "Procyanidin' എന്ന നിരോക്സീകാരി തക്കാളിയിലെ ലൈകോപീൻ എന്ന നിരോക്സീകാരിയെക്കാൾ ഏറെ മുന്നിലാണ്. കരളിനെയും വൃക്കകളെയും സംരക്ഷിക്കാനും വാളൻപുളിയിലെ ഘടകങ്ങൾക്കാകുമായിരുന്നു.
തക്കാളിയെ അപേക്ഷിച്ച് പൊട്ടാസ്യവും ഓക്സലേറ്റും വളരെ കുറവായ വാളൻപുളിയിലെ സിട്രേറ്റ് എന്ന പോഷകം വൃക്കകളിൽ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്തിരുന്നത്. തക്കാളിയിൽ ഓക്സലേറ്റും പൊട്ടാസ്യവും കൂടുതലാണ്. സിട്രേറ്റ് ഇല്ലതാനും.
വെളിച്ചെണ്ണയെ കൈവിട്ടതുപോലെ വാളൻപുളിയെയും കൈവിട്ടു നമ്മൾ. ഇന്ന് വാളൻപുളി പിച്ചളപ്പാത്രങ്ങളും ഓട്ടുവിളക്കുകളും മിനുക്കാനും, പുളിമുട്ടികൾ ഇറച്ചിവെട്ടാനും, പുളിവിറക് കുഴിമന്തി വേവിക്കാനും, നൂറ്റാണ്ടുകൾ പഴക്കമുള്ള പുളിമരങ്ങൾ വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റപ്പെടാനും മറ്റും വിധിക്കപ്പെട്ടിരിക്കുന്നു.