"കാമ്പസ് ചുമരിലെ കലാപങ്ങൾ', റസാഖിന്റെ ഇതിഹാസം...
ഋഷി
Thursday, November 14, 2024 12:56 PM IST
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവർമ കോളജിൽ അദ്ഭുതപ്പെടുത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർക്ക് ഓട്ടോഗ്രാഫിൽ എഴുതാൻ വേണ്ടി നല്ല നല്ല വരികൾ തപ്പിപ്പിടിച്ചു കൊടുക്കുന്ന ശീലമുണ്ടായിരുന്നു റസാഖിന്.
എന്നാൽ കേരളവർമയിൽ കാലുകുത്തിയപ്പോൾ, ഒരുപാട് മഹാരഥന്മാർ പഠിച്ചിറങ്ങിയ ആ കലാലയത്തിന്റെ ഇടനാഴികളിലൂടെയും ക്ലാസ് മുറികളിലൂടെയും നടന്നു കയറിയിറങ്ങിയപ്പോഴാണ് ആ ചുമരുകൾ റസാഖിനെ നോക്കി ഇങ്ങനെ പറഞ്ഞത് - "എന്തൂട്ടാടാ നീ എഴുതിക്കൊടുത്തേ.. നീ ഈ ചുമരിലെഴുതീതൊക്കെയൊന്നു വായിച്ചേ ...'
അങ്ങനെ റസാഖ് ചുമരുകൾ വായിച്ചു തുടങ്ങി. താൻ കൂട്ടുകാർക്ക് ഓട്ടോഗ്രാഫിൽ എഴുതാൻ വേണ്ടി തപ്പിപ്പിടിച്ചു കൊടുത്ത വരികൾ അല്ല ശരിക്കുള്ള എഴുത്തൊന്നും കേരളവർമയുടെ ചുമരുകളിൽ അക്ഷരങ്ങൾ ജ്വലിക്കുകയാണെന്നും റസാഖ് ആ നിമിഷം തിരിച്ചറിഞ്ഞു.
വർഷ വർഷാന്തരങ്ങളുടെ ജരാനര ബാധിച്ചെങ്കിലും ഇനിയും എത്രയോ തലമുറകളോടു പടപൊരുതാൻ ആർജ്ജവമുള്ള ഭീഷ്മ പിതാമഹനെ പോലെ ആ വരികൾ ആവേശത്തോടെ ചുമരിൽ കിടന്നു തുടിച്ചു.
ലക്ചർ നോട്ട് എഴുതിയെടുക്കും പോലെ അബ്ദുൾ റസാഖ് കേരളവർമ കോളജിന്റെ ചുമരുകളിൽ ആരൊക്കെയോ കോറിയിട്ട ആ വരികൾ പകർത്തിയെഴുതി. അതിലയാൾ വിരഹം കണ്ടു, പ്രണയം കണ്ടു, കലാപങ്ങൾ കണ്ടു, പൊട്ടിത്തെറിക്കാൻ വെമ്പുന്ന അഗ്നിപർവതങ്ങൾ കണ്ടു, നിരാശകളുടെ കാറ്റു കണ്ടു, സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വെളിച്ചം കണ്ടു... ആ ചുമലുകളിൽ റസാഖ് കാണാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
നമ്മുടെ ഹൃദയരക്തം നിറഞ്ഞ ഈ ഇടനാഴികളിൽ
മാലാഖമാരുടെ നിഴലായിരുന്നു ...
കൊള്ളരുതാത്തവരാണ് പലപ്പോഴും കൊള്ളാവുന്ന
ഉപദേശങ്ങൾ തരുന്നത്...
തെരുവെ ഒരു ചിത്രം വരയ്ക്കുക
ചോരയാൽ തന്നെ
കണ്ണീരുണങ്ങാത്ത പാതയിൽ
കാട്ടുനീതികൾ അന്യമാകും വരെ..
ഒരിക്കൽ എന്റെ ഹൃദയത്തിന്റെ ചുവപ്പ്
നീ തിരിച്ചറിയും,
അന്ന് ഈ ഭൂമിയിൽ ഞാനുണ്ടായെന്നു വരില്ല...
ഇത്തരത്തിൽ പ്രണയവും വിരഹവും വിപ്ലവവും എല്ലാം ചേർന്ന ഒരു കൊളാഷ് ആണ് കേരളവർമയിലെ ചുമരുകൾ. പുതിയ തലമുറയ്ക്ക് ഒരുപക്ഷേ ക്രിഞ്ച് എന്ന് തോന്നാമെങ്കിലും ഒന്നോ രണ്ടോ മൂന്നോ വരികളിൽ കുറിച്ചിട്ട അവയ്ക്ക് വല്ലാത്തൊരു വശ്യ ഭംഗിയുണ്ട്.
2013ൽ നാക് അക്രഡിറ്റേഷൻ നടപടികളുടെ ഭാഗമായി കോളേജ് മൊത്തം പെയിന്റ് ചെയ്തപ്പോൾ നീളൻ ബ്രഷുകളും വൈറ്റ് വാഷും മഞ്ഞ പെയിന്റും കാലം കാത്തുസൂക്ഷിച്ച ആ അക്ഷരക്കൂട്ടുകളെ മാച്ചു കളഞ്ഞു. കേരളവർമയുടെ ചുമരുകൾക്ക് വൈധവ്യം സംഭവിച്ച പോലെ...
പക്ഷേ മായ്ച്ചു കളഞ്ഞതെല്ലാം റസാഖിന്റെ എഴുത്ത് മേശയിൽ ഭദ്രമായി ഉണ്ടായിരുന്നു. പരിഭവം ചൊല്ലാതെ മാഞ്ഞുപോയ കാലത്തിന്റെ എഴുത്തു കുത്തുകളെ പുസ്തകരൂപത്തിൽ ആക്കാം എന്ന ചിന്ത റസാഖിൽ നാമ്പിടുന്നതും അപ്പോഴാണ്. അങ്ങനെ ചുമരെഴുത്തുകളിൽ നിന്ന് ഒരു പുസ്തകം പിറന്നു - "കാമ്പസ് ചുമരിലെ കലാപങ്ങൾ'
ചുമരിൽ എഴുതിയത് ആരൊക്കെയാണെന്ന് വ്യക്തമല്ല. ചില ശകലങ്ങൾക്കു താഴെ എഴുതിയിട്ടുള്ള പേര് ഇരട്ട പേരോ കുറ്റപ്പേരോ ആണെന്ന് തോന്നുന്നു. എഴുതിയതാരായാലും എഴുത്തു നന്നായാൽ മതി എന്നല്ലേ പ്രമാണം...
മഷി കൊണ്ടാണ് ചുമരുകളിൽ എല്ലാം എഴുതിയിട്ടിരുന്നത്. ചുവപ്പിലും നീലയിലും കറുപ്പിലും ആണ് മോഹിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന വാക്യങ്ങൾ പിറന്നത്. ചുമരുകൾ വായിച്ചു വായിച്ചു വന്നാൽ ആർക്കും എന്തെങ്കിലുമൊക്കെ എഴുതാൻ തോന്നുന്ന ഒരു ഫീൽ കിട്ടുമെന്നും അപ്പോൾ മനസിൽ തോന്നുന്നത് കേരളവർമ്മയുടെ ചുമരിൽ കോറിയിട്ടിട്ടുണ്ടെന്നും പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.
സ്റ്റാമ്പ് ശേഖരണവും നാണയ ശേഖരണവും ഗൗരവമുള്ള ഹോബിയായി കൊണ്ടുനടക്കുന്നവരെ പോലെ റസാഖ് തന്റെ ശീലവും ഹോബിയുമായി കൊണ്ടുനടക്കുന്നത് കേരളവർമയുടെ ചുമരുകളിൽ പ്രത്യക്ഷപ്പെടുന്ന പുതിയ ചുമരെഴുത്തുകൾ ആണ്.
ഇപ്പോഴും ഇടയ്ക്കിടെ റസാഖ് കാമ്പസിൽ പോകും. സുന്ദരിക്ക് പൊട്ടുകുത്തിയ പോലെ തലങ്ങും വിലങ്ങും വരിവരിയായും, നിരയൊപ്പിച്ചും നിരതെറ്റിച്ചും കേരളവർമയിലെ പുതിയ കുട്ടികൾ എഴുതിയിട്ട വാചകങ്ങൾ വായിച്ച് ആസ്വദിച്ച് അവ പകർത്തിയെടുക്കും. അല്ലെങ്കിൽ മൊബൈലിൽ ഫോട്ടോ എടുത്തു വയ്ക്കും.
ഒന്നാം പതിപ്പിൽ നിന്ന് ആറാം പതിപ്പിൽ എത്തിനിൽക്കുന്ന ഈ പുസ്തകത്തിൽ 50 പുതിയ ചുമരെഴുത്തുകൾ കൂടിഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം മഹാരാജാസിലും പാലക്കാട് വിക്ടോറിയയിലും ഉൾപ്പെടെ വിവിധ കോളജുകളിൽ ഇത്തരത്തിലുള്ള ചുമരെഴുത്തുകൾ കാണാം.
കേരള വർമയിലെ ചുമരുകളിൽ പുതിയ കുട്ടികൾ എഴുതിയിടുന്ന വരികളിലും വിസ്മയിപ്പിക്കുന്ന അക്ഷരക്കൂട്ടുകളുണ്ട്.
അരുതെന്ന് നിലവിളിച്ചിട്ടും പ്രേമമേ
നീയെൻ നിഴലിൽ ചവിട്ടുന്നു..
ചരിത്രത്തിന്റെ ചോര നനഞ്ഞ
വഴിയോരങ്ങളിൽ നിന്നും സത്യസന്ധ
മായ ജീവിതം കണ്ടെത്തുക
നീ നിന്നെത്തന്നെ എനിക്ക് തന്നാൽ
ഞാനെന്നെ തന്നെ നിനക്കുമാത്രം
തീറെഴുതി തരും...
കലാലയങ്ങളിൽ നീതി നിഷേധിക്ക
പ്പെടുമ്പോൾ അത് നേടിത്തന്നത്
കോട്ടിട്ട സാറുമ്മാരല്ല
കൊടി പിടിച്ച സഖാക്കളാണ്...
എന്നിങ്ങനെ നീളുന്നു പുതിയ കാലത്തിന്റെ ചുമരെഴുത്ത്.
കേരളത്തിൽ മാത്രമല്ല വിദേശത്തും പുസ്തകോത്സവങ്ങളിലും മറ്റും എം. എം. എ. റസാഖിന്റെ ഈ പുസ്തകത്തിന് നിരവധി ആവശ്യക്കാരുണ്ട്. ആരോടും അനുവാദം ചോദിക്കാതെ കേരളവർമയുടെ ചുമരുകളിൽ കഴിഞ്ഞുപോയ നിമിഷത്തിലും ഈ നിമിഷത്തിലും വരാൻ പോകുന്ന നിമിഷങ്ങളിലും പുതിയ വരികൾ വിടരും... ആ ചുമരെഴുത്തുകൾ തേടി റസാഖിന്റെ കേരളവർമയിലേക്കുള്ള യാത്രകൾ തുടരുകയാണ്...