"വോട്ടില്ലേല് കെട്ടുമില്ല'; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുടക്കിയ ഒരു കല്യാണം
Friday, November 8, 2024 11:47 AM IST
തെരഞ്ഞെടുപ്പും കല്യാണവും തമ്മില്‍ വല്ല ബന്ധവുമുണ്ടൊ. രണ്ടിലും തെരഞ്ഞെടുപ്പ് ഉണ്ടെന്ന് പറയാം. അതിനപ്പുറം ഒന്നും തന്നെയില്ല. വിവാഹവസ്ത്രങ്ങളോടെ വോട്ട് ചെയ്യാന്‍ എത്തുന്നവരെ പത്രക്കാര് ചിത്രമാക്കി ഹിറ്റാക്കാറുണ്ട്.
എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കാരണം വിവാഹനിശ്ചയം മുടങ്ങിയാല്‍. അതേ സംഗതി സത്യമാണ്. അതും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഈ കാര്യത്തിലെ "വില്ലന്‍'. ഫ്ലോറിഡയിലുള്ള ഒരു യുവതിയാണ് താന്‍ നിശ്ചയിച വിവാഹത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ച കാര്യം സമൂഹ മാധ്യമങ്ങള്‍ വഴി നെറ്റിസണ്‍സിനെ അറിയിച്ചത്.
അത് ചിലപ്പോള്‍ മാനസിക പൊരുത്തം ഇല്ലായ്മ കൊണ്ടോ ചെറുക്കന്റെ മോശം സ്വഭാവം കൊണ്ടോ ആയിരിക്കും എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇവരെ കല്യാണം കഴിക്കാനിരുന്ന പയ്യന് അടുത്തിടെ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. അതാണ് വിവാഹനിശ്ചയം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി പറയാനുള്ള കാരണം.
സ്ഥാനാര്‍ഥികളെ ആരേയും ഇഷ്ടപ്പെടാഞ്ഞതിനാലാണ് വോട്ട് രേഖപ്പെടുത്താഞ്ഞത് എന്നാണ് പ്രതിശ്രുത വരൻ പറഞ്ഞത്. എന്നാല്‍ ഇത്തരമൊരാള്‍ ഭാവിയില്‍ തന്റെ അവകാശങ്ങളെ കൂടുതല്‍ നിയന്ത്രിക്കുന്ന ഒരാളാകാന്‍ ഇടയുണ്ടെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ നിലപാട് ഓണ്‍ലൈനില്‍ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ചിലര്‍ ഈ തീരുമാനത്തെ അനുകൂലിച്ചു മറ്റുചിലര്‍ വിയോജിച്ചു. "നിങ്ങളുടെ മൂല്യങ്ങള്‍ യോജിക്കുന്നില്ല, അതിനാല്‍ നിങ്ങള്‍ അവനോടൊപ്പം ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ദോഷമില്ല, കുഴപ്പമില്ല' എന്നാണൊരാള്‍ കുറിച്ചത്. "നിങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നതുപോലെ അവന്റെ തീരുമാനത്തെയും മാനിക്കുക'എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. "ട്രംപ് പരിഹരിക്കേണ്ട ആദ്യത്തെ പ്രശ്നം' എന്നാണ് മൂന്നാമതൊരാള്‍ കുറിച്ചത്.