മരിക്കാന്‍ നിന്നത് ജീവിതത്തിന്റെ ട്രാക്കില്‍; അന്ന് എഞ്ചിന് ഡ്രൈവർ രക്ഷിച്ചത് തന്റെ ജീവന്‍കൂടി...
Tuesday, November 5, 2024 3:38 PM IST
പലതരം പ്രണയകഥകള്‍ നാം കേട്ടിരിക്കുമല്ലൊ. എന്നാല്‍ ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ നിന്നത് നിമിത്തം ഒരു പ്രണയം സംഭവിച്ചാല്‍. അതും അന്തകനാകും എന്ന് കരുതിയ ലോക്കൊ പൈലറ്റ് തന്നെ പ്രണയിതാവായാല്.
ഒരു സിനിമാക്കഥ എന്ന് ചിന്തിക്കാന്‍ വരട്ടെ സംഗതി സത്യമാണ്. സംഭവം നടന്നത് 2019 -ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലാണ്. വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ബ്രാഡ്ഫോര്‍ഡില്‍ നിന്നുള്ള ഷാര്‍ലറ്റ് ലീ (33) ആണ് ഈ കഥയിലെ നായിക. നഴ്സും രണ്ട് കുട്ടികളുടെ അമ്മയുമായ ഷാര്‍ലറ്റ്, ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന ഒരാളായിരുന്നു.
അങ്ങനിരിക്കെ ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനായി തീവണ്ടിയുടെ മുന്നില്‍ ചാടാൻ തീരുമാനിച്ചു. അതിന്‍പ്രകാരം അവര്‍ ട്രെയിന്‍ വരുമ്പോള്‍ പാളത്തിനടുത്തായി നിന്നു.
എന്നാല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ്, ദൂരെ നിന്ന് തന്നെ ഷാര്‍ലെറ്റിനെ കാണുകയും അവള് ആത്മഹത്യയ്ക്ക് തയാറായി നില്‍ക്കുകയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അപകടം ഒഴിവാക്കാന്‍ ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ്, ട്രെയിനില്‍ നിന്നുമിറങ്ങി ഷാര്‍ലറ്റിനെ സമീപിച്ചു.
ഡേവ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. "ഹായ്, എന്റെ പേര് ഡേവ്, നിങ്ങള്‍ക്ക് ഒരു മോശം ദിവസമാണോ?' എന്നദ്ദേഹം ഷാര്‍ലറ്റിനോട് ചോദിച്ചു. "അതേ' എന്ന് അവര്‍ മറുപടി പറഞ്ഞു. "ശരി, പോയി, നമുക്ക് തോന്നുന്നത് വരെ ഇരുന്നു സംസാരിക്കാം.' എന്നയാള്‍ പറഞ്ഞു.
ഡേവ് അരമണിക്കൂറോളം ഈ നഴ്സുമായി സംസാരിച്ചു. അപ്പോഴേക്കും ഷാര്‍ലറ്റ് വിഷമത്തിലായിരുന്നുവെങ്കിലും ക്യാബിനിൽ കയറാന്‍ സമ്മതിച്ചു. അയാള്‍ അവളെ സ്കിപ്ടണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പോലീസിന്റെ സംരക്ഷണയില്‍ വിട്ടു.
ആ ലോക്കോ പൈലറ്റില്‍ നിന്നും ലഭിച്ച അസാധാരണ ഊര്‍ജ്ജം ഷാര്‍ലറ്റിനെ വല്ലാതെ സ്വാധീനിച്ചു. അയാള്‍ക്കൊരു നന്ദി പറയാനായി അവര്‍ സമൂഹ മാധ്യമങ്ങളില്‍ ഡേവിനെ തിരക്കി. ഒടുവില്‍ കണ്ടെത്തി. സഹപ്രവര്‍ത്തകരിലൊരാള്‍ ഷാര്‍ലറ്റിന് ഡേവിന്റെ നമ്പര്‍ നല്‍കുകയായിരുന്നു.
ഷാര്‍ലറ്റിന്റെ വിളിയില്‍ ഡേവിനും സന്തോഷമുണ്ടായി. വൈകാതെ ആ 47 കാരനുമായി യുവതി കൂടുതല്‍ അടുത്തു. രണ്ട് മാസത്തിന് ശേഷം അവര്‍ ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടി. ശേഷം ചരിത്രം. അവര്‍ വിവാഹിതരായി. ഷാര്‍ലറ്റ് അമ്മയുമായി.
ഈ കഥയില്‍ മറ്റൊരു ട്വിസ്റ്റ് കൂടി സംഭവിച്ചിരുന്നു. 2020 ജൂലൈയില്‍, ഡേവിന് നട്ടെല്ലിന് പ്രശ്നമുണ്ടായി. നഴ്സായ ഷര്‍ലറ്റ് നിര്‍ബന്ധിച്ചതിനാല്‍ അയാള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനായി. അയാള്‍ക്ക് ടെസ്റ്റികുലാര്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ലീഡ്സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒരു കണ്‍സള്‍ട്ടന്റ് അവനോട് പറഞ്ഞു, അപ്പോള്‍ രോഗനിര്‍ണയം നടത്തിയിരുന്നില്ലെങ്കില്‍ അവന് ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു.
ചുരുക്കത്തില്‍ രണ്ടാളും മറ്റേയാളിന്റെ ജീവന് രക്ഷിച്ചു. "വല്ലാത്തയൊരു പ്രണയകഥ' എന്നാണ് ഇവരുടെ ജീവിതം അറിഞ്ഞവരൊക്കെ അഭിപ്രായപ്പെടുന്നത്... ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, ഇത്തരം രസകമായ അനുഭവങ്ങൾ സമ്മാനിക്കാൻ ജീവിതത്തിനെ കഴിയൂ...