പ്രകൃതിയുടെ വിസ്മയം; മെഴുകുതിരി പോലെ കത്തുന്ന ഒരു സസ്യം
Tuesday, November 5, 2024 2:04 PM IST
തിരിവിളക്ക് നാം എത്ര കണ്ടിരിക്കുന്നു. എണ്ണ കുടിച്ച് തെളിഞ്ഞ് കത്തുന്ന അവ ഐശ്വര്യത്തിന്റെ പ്രതീകമായി പലരും വിശ്വസിക്കുന്നു. മിക്കപ്പോഴും കോട്ടണ്‍ കൊണ്ടോ തുണികൊണ്ടോ ആകാം ഇത്തരം തിരികള്‍ ചെയ്യുക.
എന്നാല്‍ നമ്മുടെ പ്രകൃതിയില്‍ ഒരു വിസ്മയത്തിരിയുണ്ട്. ഒരു സസ്യമാണത്. അതായത് ഒരു തിരിപോലെ നിന്ന് കത്തുന്ന അദ്വിതീയ സസ്യം. പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി കാണപ്പെടുന്ന പ്രണതി പത്ര എന്ന ചെടിയാണിത്. വിളക്കില്‍ എണ്ണ ഒഴിച്ച് ഈ ചെടിയില്‍ നിന്ന് ഒരു തിരി കത്തിച്ചാല്‍ അത് സാധാരണ തുണിത്തിരി പോലെ നിന്നു കത്തും.
ഈ ചെടിയുടെ ഒരു തണ്ട് സാധാരണ പരുത്തി അല്ലെങ്കില്‍ തുണി തിരിയെക്കാള്‍ വേഗത്തില്‍ കത്തുന്നതും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്നതുമാണ്. വിളക്കിലെ എണ്ണ തീരുന്നതുവരെ ഇത് നിന്നു കത്തും.
ദക്ഷിണ കന്നഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സുള്ള്യ മേഖലയിലെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന അപൂര്‍വ കുറ്റിച്ചെടിയാണ് പ്രണതി പത്ര ചെടി. ഈ ചെടിയുടെ മറ്റ് നിരവധി ശ്രദ്ധേയമായ സവിശേഷതകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതിന്റെ ഇലകള്‍ ചന്ദ്രപ്രകാശത്തില്‍ തിളങ്ങും.
നിലവില്‍ സ്വന്തം തോട്ടത്തില്‍ ഈ ചെടി വളര്‍ത്തുന്നവര്‍ ഏറെയുണ്ട്. ദീപാവലി ഉള്‍പ്പെടെയുള്ള വിശേഷാവസരങ്ങളില്‍ ദീപങ്ങള്‍ കൊളുത്താന്‍ ഈ ചെടി പലരും ഉപയോഗിക്കുന്നു. ചിലര്‍ രാത്രി വിളക്കുകള്‍ കത്തിക്കാനുള്ള തിരിയായി ചെടിയുടെ ചില്ലകള്‍ ഉപയോഗിക്കാറുണ്ട്.
പ്രണതി പത്ര നിമിത്തം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ കര്‍ണാടകയിലെ സുള്ള്യ മേഖല സന്ദര്‍ശിക്കാറുണ്ടത്രെ.