ആ ആടിനെ അവര്‍ കശാപ്പ് ചെയ്തു; പെണ്‍കുട്ടിക്ക് മൂന്നുലക്ഷം ഡോളര്‍ നഷ്ടപരിഹാരം
Tuesday, November 5, 2024 11:16 AM IST
കുട്ടികള്‍ക്ക് മൃഗങ്ങളോടുള്ള സ്നേഹം പറയേണ്ടതില്ലല്ലൊ. അവയ്ക്കൊപ്പം കളിക്കാന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്നു. ആടുകളും പലര്‍ക്കും ഇഷ്ടപ്പെട്ട വളര്‍ത്തുമൃഗമാണ്. എന്നാല്‍ ഇവയ്ക്കൊക്കെ വല്ലതും സംഭവിച്ചാല്‍ പറയേണ്ടതില്ലല്ലൊ. കുട്ടികള്‍ ആകെ പ്രശ്നമാക്കും.
യുഎസ് സ്റ്റേറ്റായ കാലിഫോര്‍ണിയയിലെ ഒരു 11 കാരിക്ക് വളര്‍ത്തുമൃഗത്തെ കൊന്നത് നിമിത്തം ശാസ്താ കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ നിന്ന് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്ന സംഭവം ഇപ്പോള്‍ വാര്‍ത്തയാവുന്നു.
2022ല്‍ ആണ് സംഭവത്തിന്റെ തുടക്കം. അന്നത്തെ ഒമ്പതുവയസുകാരിയായ ഈ പെണ്‍കുട്ടി ഒരു ആട്ടിന്‍ കുട്ടിയെ വാങ്ങുകയുണ്ടായി. നാല് മാസം പ്രായമുള്ള ആടിനെ ലേലം ചെയ്യാനായി കുടുംബം രജസ്റ്റര്‍ ചെയ്തിരുന്നു. ഈ പെണ്‍കുട്ടി സീഡര് എന്ന് ആടിന് പേരിട്ടു. വെകാതെ കുട്ടി ആടുമായി വലിയ അടുപ്പത്തിലായി.
കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ നിന്നും ആടിനെ കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ കുടുംബം അതിനെ നല്കാന് തയാറായില്ല. കുട്ടിയുടെ അമ്മ ജെസീക്ക ആട്ടിന്‍ കുട്ടിയെ 320 കിലോമീറ്റര്‍ അകലെയുള്ള സോനോമ കൗണ്ടിയിലെ ഒരു ഫാമിലേക്ക് സുരക്ഷിതമായി മാറ്റി.
അതേസമയം, ആടിനെ തിരികെ നല്‍കിയില്ലെങ്കില്‍ മോഷണക്കുറ്റം ചുമത്തുമെന്ന് ശാസ്താ ജില്ലാ മേളയുടെ സിഇഒ ബിജെ മക്ഫര്‍ലെയ്ന്‍ ജെസീക്കയെ ഭീഷണിപ്പെടുത്തി. വൈകാതെ രണ്ട് ശാസ്താ കൗണ്ടി ഷെരീഫിന്റെ പ്രതിനിധികള്‍ ഫാമിലെത്തി ആടിനെ പിടികൂടി. ഇത്തരത്തില്‍ ആടിനെ പിടികൂടാന്‍ അവര്‍ക്ക് നിയമപരമായി കഴിയില്ലായിരുന്നു.
എന്നാല്‍ അവര്‍ സീഡറിനെ പിടിച്ചുകൊണ്ടുൃപായി ലേലം ചെയ്യുകയും കശാപ്പ് ചെയ്യുകയുമുണ്ടായി. ഇതറിഞ്ഞ പെണ്‍കുട്ടി വലിയ കരച്ചില് ആരംഭിച്ചു. കരയുന്ന പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ക്കും കഴിയാതെ വന്നു. ഒടുവില്‍ വിഷയം കോടതി കയറി.
അതോടെ ലേലം നടത്തിപ്പുകാര്‍ പെട്ടു. ശേഷം മൂന്ന് ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്കി അവര്‍ തലയൂരി. രണ്ടുവര്‍ഷത്തിനിപ്പുറമാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. എന്നാല്‍ ആടിന്റെ അവശിഷ്ടങ്ങള്‍ എവിടെ കുഴിച്ചിട്ടെന്ന കാര്യം ഇപ്പോഴും അറിയില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് പറയുന്നു.
നഷ്ടപരിഹാരമായി ലഭിച്ച തുക പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ട്രസ്റ്റില്‍ സൂക്ഷിക്കാനാണ് പദ്ധതി.