ഗുന്തര്‍ ആറാമന്‍; ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ
Monday, November 4, 2024 3:33 PM IST
"എല്ലാ നായകള്‍ക്കും ഒരു ദിവസമുണ്ട്' എന്ന് നാട്ടിന്‍പുറങ്ങളില്‍ പറയാറുണ്ടല്ലൊ. ഒരുദിവസം രക്ഷപ്പെടും എന്ന അര്‍ഥത്തിലാണ് പലരും അത് പറയുക. എന്നാല്‍ ദിവസമല്ല വര്‍ഷങ്ങളായി സമ്പന്നനായി കഴിയുന്ന ഒരു നായ ഈ ലോകത്തുണ്ട്.
കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ സത്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ എന്ന പദവിയില്‍ ഒരാളുണ്ട്. ഗുന്തര്‍ ആറാമന്‍ എന്നാണ് ഈ നായയുടെ പേര്. സ്വന്തമായി
രു സ്വകാര്യ ജെറ്റ്, ഒരു യാച്ച്, കണ്‍വേര്‍ട്ടിബിള്‍ ബിഎംഡബ്ല്യു, മറ്റ് വിലയേറിയ വസ്തുക്കള്‍ എന്നിവ ഈ നായയുടെ ആസ്തിയില്‍ ഉണ്ട്.
നിലവില്‍ 400 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 3,356 കോടി രൂപ) ആണ് ഗുന്തറിന്റെ ആകെ സമ്പത്ത്. ഒരു ജര്‍മന്‍ ഷെപ്പേര്‍ഡ് നായയ്ക്ക് എങ്ങനെ ഇത്ര സ്വത്തെന്ന് അറിയേണ്ടെ. അതൊരു പഴയകഥയാണ്.
ഇറ്റലിയിലെ കൗണ്ടസ് കാര്‍ലോട്ട ലീബെന്സ്റ്റൈന് എന്ന ധനികയുടെ മകന് അകാലത്തില്‍ മരണപ്പെട്ടു. അതോടെ അവര്‍ക്ക് അനന്തരവകാശികള്‍ ഇല്ലാതെയായി. 1992-ല്‍ ആയിരുന്നത്. ഇവരുടെ നായയായിരുന്നു ഗുന്തര്‍ മൂന്നാമന്. അവര്‍ തന്റെ സ്വത്ത് ഈ നായയ്ക്കായി എഴുതിവച്ചു. മാത്രമല്ല അത് വിവേപൂര്വം കൈകാര്യം ചെയ്യാന്‍ തന്റെ സുഹൃത്തിന്റെ മകന് മൗറിസിയോ മിയാനെ ചുമതലപ്പെടുത്തി.
കാലം മുന്നോട്ടുപോയി. മൗറീസിയൊ വിശ്വസ്തനായിരുന്നു. 30 വര്‍ഷങ്ങള്‍ക്കിപ്പുറം 80 മില്യണ്‍ ആയിരുന്ന സ്വത്തിനെ അയാള്‍ 400 മില്യണിലെത്തിച്ചു. ഇതിനിടയില്‍ ഗുന്തര്‍ മൂന്നാമന് ചത്തു. ഗുന്തര്‍ ആറാമന്‍ മൂന്നാമന്റെ കൊച്ചുമകനാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും ധനികനായ നായ എന്ന പദവി ഈ ആറാമന്‍ സ്വന്തമാക്കി.
ഗുന്തര്‍ ആറാമന്‍ ഇറ്റലിയില്‍ സുഖകരമായ ജീവിതമാണ് നയിക്കുന്നത്. 27 ജീവനക്കാരാണ് ഗുന്തറിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനായി ഉള്ളത്. ഗുന്തര്‍ ആറാമന്റെ ശ്രദ്ധേയമായ സമ്പത്തും സ്വത്തുക്കളും മേല്‍നോട്ടം വഹിക്കുന്നത് മനുഷ്യ ട്രസ്റ്റിമാരുടെ ഒരു ബോര്‍ഡ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ഈ നായയുടെ ഭാഗ്യത്തില്‍ അന്തിച്ചിരിക്കുകയാണ് നെറ്റസിണ്സ്...