ഹൃദയം പൂങ്കാവനമാക്കുന്ന ഹരിതഭംഗിക്ക് 68; ഐക്യകേരളത്തിന് ഇന്ന് പിറന്നാള്‍
Friday, November 1, 2024 11:35 AM IST
ഓരോ മലയാളിയും ഇടനെഞ്ചില്‍ കൊണ്ടുനടക്കുന്ന അഭിമാനമാണല്ലൊ കേരളം. അതിന്റെ ഓര്മ പോലും വല്ലാത്ത ഊര്‍ജമാണ് അവര്‍ക്ക് നല്‍കുന്നത്. പുഴയും മലയും പച്ചപ്പും പൂത്തുലയുന്ന കേരളമണ്ണ് ആധുനിക കാലത്ത് "ഗോഡ്സ് ഓണ്‍ കണ്ട്രി'യാണ്.
ഇന്ന് നവംബര്‍ ഒന്ന്, നമ്മുടെ കൊച്ചുകേരളത്തിന് 68ാം പിറന്നാള്‍. 1956 നവംബര്‍ ഒന്നിനാണ് നാലുനാടായി കിടന്നിരുന്ന ഭൂപ്രദേശങ്ങൾ ഒത്തുചേര്‍ന്ന് ഐക്യകേരളം രൂപപ്പെടുന്നത്. തിരുവതാംകൂര്‍, കൊച്ചി, മലബാര്‍, കാസര്‍ഗോഡ് എന്നീ പ്രദേശങ്ങള്‍ എന്നീ ഇടങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇന്നത്തെ കേരളമായത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഐക്യകേരളം രൂപം കൊണ്ടത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തിരിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇന്ത്യയില്‍ കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ രൂപപ്പെട്ടു.
അക്കാലത്ത് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. അഞ്ച് ജില്ലകളായിരുന്നു കേരളത്തില്‍ അന്നുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നീ ജില്ലകളായിരുന്നു അന്നുണ്ടായിരുന്നത്.
എന്നാല്‍1956 ന് മുന്നേ ഐക്യകേരളം ചര്‍ച്ചയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി 1921ല്‍ കേരള പ്രദേശ കമ്മിറ്റി രൂപീകരിച്ചിരുന്നു. 1928ല്‍ എറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിലും അഖില കേരള കുടിയാന് സമ്മേളനത്തിലും ഐക്യകേരളം ചര്‍ച്ചയായി വന്നു.
1937ല്‍ ചേര്‍ന്ന അഖിലകേരള വിദ്യാര്‍ഥി സമ്മേളനവും ഇക്കാര്യം ആവശ്യപ്പെട്ടു.1949 ജൂലൈയില്‍ തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നു. ഇത് ഐക്യകേരളമെന്ന ആശയത്തിന് ശക്തി പകര്‍ന്നു. ഒടുവില്‍ 1956 നവംബര്‍ ഒന്നിന് ആ സ്വപ്നം യാഥാര്‍ഥ്യമായി.
സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്നു മാറ്റി മദിരാശി സംസ്ഥാനത്തോട് ചേര്‍ത്തു. മലബാര്‍ ജില്ല, തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ഗോഡ് താലൂക്ക് എന്നിവ കേരളത്തിലുമായി.
56 നവംബര്‍ ഒന്നിന് ചിത്തിര തിരുനാള്‍ മഹാരാജാവ് തിരു - കൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. ബി. രാമകൃഷ്ണറാവു സംസ്ഥാനത്തിന്റെ ആദ്യ ഗവര്‍ണറായി ചുമതലയേറ്റു. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റു.
കേരളം എന്ന പേര് ലഭിച്ചതിന് പിന്നില്‍ നിരവധി കഥകളുണ്ട്. പരശുരാമന് എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം എന്നതാണ് ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളമായതെന്ന് ഒരു വാദം. ആധികാരികമായ ഒന്ന്, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറി എന്ന വാദമാണ്.
ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിലുണ്ട്. ശാസ്ത്ര സാങ്കേതികമേഖലയിലും വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും ബഹുദൂരം മുന്നിലാണ് നമ്മുടെ ഈ സംസ്ഥാനമുള്ളത്.
നിലവില്‍ ലോകത്തിന്റെ ഏതുകോണിലും മലയാളി ഉണ്ട് എന്നതാണ് സ്ഥിതി. അതായത് "കേരളം' എത്താത്ത ഒരിടവും ഈ ഭൂമിയില്‍ ഇല്ലെന്ന്... നമ്മുടെ നാടിനെ ഓര്‍ത്ത് അഭിമാനിക്കാം... ജന്മനാടിന് പിറന്നാള്‍ ആശംസകള്‍....