ഒറ്റയിരിപ്പിൽ നാല് പെഗ് അകത്താക്കും; ഭാര്യയുടെ കുടിയിൽ സഹികെട്ട് യുവാവ്
Friday, October 25, 2024 12:21 PM IST
ഭാര്യ അമിതമദ്യപാനി ആണെന്നും തന്നെയും നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുകയാണെന്നുമുള്ള പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണു സംഭവം.
രണ്ടു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെണ്ണു കാണലിനിടയിൽതന്നെ യുവതി മദ്യപിക്കുന്നതിനെക്കുറിച്ചു പറഞ്ഞിരുന്നു. പെണ്ണിനെ ഇഷ്ടപ്പെട്ട യുവാവ് അത് കുഴപ്പമില്ലെന്നു പറഞ്ഞ് വിവാഹത്തിനു സമ്മതിച്ചു.
എന്നാൽ, ഹണിമൂൺ നാളുകളിൽതന്നെ ഭാര്യയുടെ കുടിയുടെ ഗൗരവം യുവാവ് മനസിലാക്കി. എല്ലാ ദിവസവും മദ്യപിക്കുന്ന ഭാര്യ ഒറ്റയിരിപ്പിൽ മൂന്നും നാലും പെഗ് കഴിക്കുമെന്നു മാത്രമല്ല, ഭർത്താവും തനിക്കൊപ്പം മദ്യപിക്കണമെന്നു ശാഠ്യവും പിടിച്ചു. മദ്യപിക്കാൻ ഇഷ്ടമല്ലാത്ത യുവാവിന് ഇത് താങ്ങാനായില്ല. വൈകാതെതന്നെ ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടു.
അതോടെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്നു കാണിച്ച് യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഇരുവരെയും ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് അയച്ചു. കൗൺസിലിംഗിൽ തന്റെ മദ്യപാനാസക്തി മറച്ചുവയ്ക്കാനൊന്നും യുവതി തയാറായില്ല. ഭർത്താവിന്റെ ആരോപണം സത്യമാണെന്ന് അവർ തുറന്നു സമ്മതിച്ചു.
പിന്നീട് വീട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ ഇവരുടെ പ്രശ്നം പരിഹരിച്ചുവെന്നും ഇരുവരും ഒരുമിച്ചുതന്നെ താമസിക്കാൻ തീരുമാനിച്ചുവെന്നുമാണു റിപ്പോർട്ടുകൾ.