രണ്ടുതവണ മരിക്കേണ്ടി വന്ന പെണ്‍കുഞ്ഞ്; ഹൃദയഭേദകമായ സംഭവം
Thursday, October 24, 2024 3:06 PM IST
മരണം വേദനാജനകമാണ്. അതിലും ഹൃദയത്തെ തകര്‍ക്കുന്ന ഒന്നാണ് മരണപ്പെട്ട ആൾ ഒരു കുഞ്ഞാണെങ്കില്‍. അപ്പോള്‍ ആ കുഞ്ഞ് രണ്ടുതവണ മരണപ്പെട്ടാലൊ. അത് ആലോചിക്കാന്‍ കഴിയുന്നതിലും വേദനാജനകമാണ്.
അത്തരമൊരു ഹൃദയഭേദകമായ സംഭവം കഴിഞ്ഞദിവസം ബ്രസീലില്‍ സംഭവിച്ചു. കൊറിയ പിന്റോയിലെ ഫൗസ്റ്റിനോ റിസ്കറോളി ആശുപത്രിയിലാണ് സംഭവം. കിയാര ക്രിസ്ലെയ്ന്‍ ഡി മൗറ ഡോസ് സാന്റോസ് എന്ന പെണ്‍കുഞ്ഞിനെ സുഖമില്ലാതെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും ഹൃദയമിടിപ്പ് ഇല്ലെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. അതോടെഎട്ടുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞ് മരണപ്പെട്ടതായി അവര്‍ വിധിയെഴുതി. ഇത് കിയരയുടെ പിതാവ് ക്രിസ്റ്റ്യാനോ സാന്റോസിനും മറ്റ് ബന്ധുക്കള്‍ക്കും വലിയ സങ്കടമാണുണ്ടാക്കിയത്.
രണ്ട് മണിക്കൂറിന് ശേഷം, അവര്‍ കുഞ്ഞിന്റെ ശവസംസ്കാരത്തിനായുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചു. ഹൃദയഭേദകമായ ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ശവസംസ്കാര ഡയറക്ടര്‍ ഓറിയോ അരുദ റാമോസ് ഉണ്ടായിരുന്നു.
ശവസംസ്കാര വേളയില്‍ കിയാരയുടെ വസ്ത്രം മാറ്റാന്‍ അവര്‍ ശവപ്പെട്ടി തുറന്നു. അന്നേരം ആ കുഞ്ഞ് തന്റെ കെെവിരലുകൾ ചലിപ്പിക്കുകയും ഒരു കുടുംബാംഗത്തിന്റെ വിരലില്‍ പിടിക്കുകയും ചെയ്തു. ഇത് എല്ലാവരേയും ഞെട്ടിച്ചു.
ഈ അപ്രതീക്ഷിത സംഭവവികാസത്തില്‍ സന്നിഹിതരായിരുന്നവരൊക്കെ അമ്പരന്നു. കുട്ടി ഇപ്പോഴും ശ്വസിക്കുന്നുണ്ടെന്ന് അവിടെയുണ്ടായിരുന്ന ഒരു ഫാര്‍മസിസ്റ്റ് കണ്ടു. അവര്‍ ഉടനടി മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി. പാരാമെഡിക്കുകള്‍ എത്തിയപ്പോള്‍ കുഞ്ഞിന് പള്‍സും ഓക്സിജന്റെ അളവ് 84 ശതമാനവും ഉണ്ടെന്ന് കണ്ടെത്തി. അങ്ങനെ 16 മണിക്കൂറിന് ശേഷം കിയാരയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ജീവിതത്തിന്റെ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നിട്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ അവള് വീണ്ടും മരിച്ചു.അത് ഏവരേയും തകര്‍ത്തെന്ന് പറയാം. "ഞങ്ങള്‍ ഇതിനകം തകര്‍ന്നിരുന്നു. പിന്നീട് ഒരു ചെറിയ പ്രതീക്ഷ വന്നു, പക്ഷേ... ' ഹൃദയം തകര്‍ന്ന പിതാവ് ക്രിസ്റ്റ്യാനോ പറഞ്ഞു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുടുംബത്തോട് ക്ഷമാപണം നടത്തി. ആദ്യം കുഞ്ഞ് മരിച്ചതായി പ്രഖ്യാപിക്കുകയും പിന്നീട് ഒരിക്കല്‍ കൂടി മരണം സ്ഥിരീകരിക്കുകയും ചെയ്തതിലെ പിഴവ് ആശുപത്രി സമ്മതിച്ചു. വിഷയത്തില്‍ ബ്രസീലിലെ സ്പെഷലൈസ്ഡ് സയന്റിഫിക് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.