ബസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി
Thursday, October 24, 2024 12:39 PM IST
ബസിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി യുവതി. കനകപുരയില്നിന്നു ഹുനസനഹള്ളിയിലേക്കു സഞ്ചരിക്കുകയായിരുന്ന കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലാണു സംഭവം.
ഹുനാസനഹള്ളി സ്വദേശിയായ റസിയ ബാനുവാണ് ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും പ്രസവിച്ചത്. ഭർത്താവും അമ്മയും ബസിൽ റസിയയ്ക്കൊപ്പമുണ്ടായിരുന്നു. ബസ് ജീവനക്കാരും സഹയാത്രികരും ഇവർക്കു തുണയായി.
കനകപുര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ സന്ദർശിക്കാൻ പോകുന്പാഴായിരുന്നു അപ്രതീക്ഷിതമായി റസിയയ്ക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഗർഭകാലം എഴുമാസമേ ആയിരുന്നുള്ളൂ.
പ്രസവശേഷം റസിയയെയും കുഞ്ഞുങ്ങളെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്കു മാറ്റി. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.