വെള്ളരിക്കാ പട്ടണത്തിലെ നഴ്സറി സ്കൂള്‍; ഞെട്ടിക്കുന്ന അഡ്മിഷന് ഫീസ്
Thursday, October 24, 2024 11:47 AM IST
"വിദ്യാധനാല് സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ. എന്നാല്‍ ഇക്കാലത്ത് ആ വിദ്യാഭ്യാസം കിട്ടാന്‍ ധനം ധാരാളം വേണമെന്ന അവസ്ഥയാണ്. അപ്പോള്‍ അത് ഉയര്‍ന്ന പഠിപ്പിനല്ലെ എന്ന് വിചാരിക്കരുത്.
നഴ്സറി സ്കൂളില്‍ പോലും ഞെട്ടിക്കുന്ന ഫീസാണിപ്പോള്. അത്തരമൊരു കണക്ക് സൈബറിടങ്ങളില്‍ ചര്‍ച്ചയാവുകയാണ്. എക്സിലെത്തിയ ചിത്രത്തില്‍ ഒരു നഴ്സറി സ്കൂളിന്റെ അമ്പരപ്പിക്കുന്ന വാര്‍ഷികഫീസ് ഘടനയാണുള്ളത്.
നഴ്സറി, ജൂനിയര്‍ കെജി വിദ്യാര്‍ഥികള്‍ക്കുള്ള ഫീസായി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് 55,600 രൂപയാണ് പ്രവേശന ഫീസ്, കോഷന്‍ തുക 30,019, വാര്‍ഷിക നിരക്ക് 28,314 എന്നിങ്ങനെയാണ്. ഇതൊന്നും പോരാഞ്ഞ് പേരന്റ് ഓറിയന്റേഷന്‍ ഫീസ് ആയി 8,400 രൂപയും ഉണ്ടത്രെ. ഇതൊക്കെ എന്തിനെന്ന് ചോദിക്കരുത്. എന്തായാലും സംഗതി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
" വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നമുക്ക് ഒരു വിപ്ലവം ആവശ്യമാണ്. നല്ല നിലവാരമുള്ള വിദ്യാഭ്യാസ സിലബസുള്ള താങ്ങാനാവുന്ന വില ഘടനയുമായി ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരാന്‍ കഴിയുമോ?' എന്നാണൊരാള്‍ കുറിച്ചത്. "ഇതിലും കുറഞ്ഞ ഫീസിലാണ് ഞാന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത്!' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.