ബൈബിളില്‍ പരാമര്‍ശിക്കുന്ന "സ്കാര്‍ലറ്റ് പുഴു'; 3,800 വര്‍ഷം പഴക്കമുള്ള വസ്ത്രം കണ്ടെത്തിയപ്പോള്‍
Tuesday, October 22, 2024 3:15 PM IST
ബൈബിളില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. മാത്രമല്ല അക്കാലത്തെ ജീവജാലങ്ങളുടെ കാര്യവും കാണാന്‍ കഴിയും. നിരവധി ചരിത്ര ഗവേഷകര്‍ ബൈബിളില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ബൈബിളില്‍ പലയിടങ്ങളില്‍ പറഞ്ഞിട്ടുള്ള സ്കാര്‍ലറ്റ് പുഴുക്കളെ ഉപയോഗിച്ചുള്ള തുണിത്തരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. പുരാവസ്തു ഗവേഷകര്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന 3,800 വര്‍ഷം പഴക്കമുള്ള "സ്കാര്‍ലറ്റ് വോം' തുണിത്തരങ്ങളുടെ ഒരു ഭാഗം ഇസ്രായേലിലെ ജൂഡിയന്‍ മരുഭൂമിയിലെ "കേവ് ഓഫ് സ്കൾ'ല്‍ നിന്നാണ് കണ്ടെത്തിയത്.
സ്കാര്‍ലറ്റ് പുഴു എന്ന് കരുതപ്പെടുന്ന ഓക്ക് സ്കെയില്‍ പ്രാണികളില്‍ നിന്നുള്ള ചായം ഉപയോഗിച്ചാണ് ഈ ചെറിയ തുണിത്തരങ്ങള്‍ ചെയ്തിട്ടുള്ളതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഈ അപൂര്‍വ തുണിത്തരങ്ങള്‍ പുരാതന വസ്ത്രനിര്മാണത്തെക്കുറിച്ചും ബൈബിള്‍ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന പുരോഹിത വസ്ത്രങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും അഭൂതപൂര്‍വമായ ഉള്‍ക്കാഴ്ച നല്കുന്നു.
അസാധാരണമായ കണ്ടെത്തലിന് പിന്നിലെ ഇസ്രായേല്‍ ഗവേഷകരുടെ സംഘത്തില്‍ ഇസ്രായേല്‍ പുരാതന അഥോറിറ്റി, ബാര്‍-ഇലാന്‍ സര്‍വകലാശാല, ജറുസലേമിലെ ഹീബ്രു സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നു. അവരുടെ കണ്ടെത്തലുകള്‍, അടുത്തിടെ ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചു.
പുരാതന കാലത്ത്, കെര്മീസ് ഓക്ക് മരങ്ങളില്‍ വസിക്കുന്ന പെണ് സ്കെയില്‍ പ്രാണികളില്‍ നിന്നാണ് ചായം ഉത്പാദിപ്പിച്ചിരുന്നതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അഥോറിറ്റിയിലെ ഓര്‍ഗാനിക് മെറ്റീരിയല്‍ കളക്ഷന്റെ ക്യൂറേറ്ററായ നാമ സുകെനിക് പറയുന്നു. "ഈ തുണിത്തരങ്ങള്‍ കെര്‍മെസ് വെര്മിലിയോ ഉപയോഗിച്ചാണ് ചായം പൂശിയതെന്ന് ഞങ്ങള്‍ക്ക് ഉറപ്പോടെ പറയാന്‍ കഴിയും. കെര്മെസിക് ആസിഡ് ഉത്പാദിപ്പിക്കുന്ന ഒരു ഇനം സ്കെയില്‍ പ്രാണിയാണ്. ഇത് തുണിത്തരങ്ങള്‍ക്ക് അതിന്റെ വ്യതിരിക്തമായ ചുവപ്പ് നിറം നല്കുന്നു'- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
"സ്കാര്‍ലറ്റ് പുഴക്കളെ' ബൈബിളിലെ തിരുവെഴുത്തുകളില്‍ 25 തവണ പരാമര്‍ശിച്ചിട്ടുണ്ടത്രെ. പുറപ്പാട് 25:4, 26:1,31, 28:5, സങ്കീര്‍ത്തനം 22:6 എന്നിവിടങ്ങളിലൊക്കെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ജീവജാലത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നിറത്തെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശം ശ്രദ്ധേയമായ സുവോളജിക്കല്‍ ധാരണ കാണിക്കുന്നതായി ബാര്‍-ഇലാന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ സോഹര്‍ അമര്‍ പറയുന്നു.
"മരുഭൂമിയിലെ ഒരു ഗുഹയില്‍ നിന്ന് കണ്ടെത്തിയ ഈ തുണി, പുരാതന ലോകത്തിലെ കമ്പിളി ഡൈയിംഗിനെക്കുറിച്ചുള്ള സങ്കീര്‍ണമായ അറിവിനെക്കുറിച്ച് സംസാരിക്കുന്നു. 3,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച വിപുലമായ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചും ഇത് സൂചന നല്കുന്നു. പുരാതന ലിഖിത സ്രോതസുകള്‍ക്കും പുരാവസ്തു തെളിവുകള്ക്കുമിടയില് ഈ അപൂര്‍വ കണ്ടെത്തല്‍ ഒരു പാലം പ്രദാനം ചെയ്യുന്നു. പുരാതന വാണിജ്യത്തിന്റെയും കരകൗശലത്തിന്റെയും സങ്കീര്‍ണതകള്‍ വെളിപ്പെടുത്തുന്നു' ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ യൂറി ഡേവിഡോവിച്ച് അഭിപ്രായപ്പെടുന്നു...